
ആലപ്പുഴ: മഹാമാരിയെ മാറ്റിനിറുത്തി ക്രിസ്മസ് ആഘോഷിക്കാൻ ഇന്നലെ വിപണിയിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. പ്രത്യാശയുടെ പ്രകാശം പൊഴിക്കുന്ന നക്ഷത്രവിളക്കുകൾക്കാണ് ആവശ്യക്കാർ ഏറെയുണ്ടായിരുന്നത്. പുൽക്കൂട് വിപണിയും സജീവമായിരുന്നു.
കച്ചവടത്തിന്റെ അവസാന ദിനമായ ഇന്നലെ തെരുവുകളിലും കടകളിലും തിരക്കൊഴിഞ്ഞ സമയമില്ലായിരുന്നു. പടക്കവിപണിയും സജീവമാണ്. വസ്ത്രശാലകളിലും ബേക്കറികളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വഴിയോരങ്ങളിൽ ക്രിസ്മസ് അലങ്കാരങ്ങളും കേക്കുകളും വിൽക്കാൻ യുവാക്കളുടെ സംഘം മത്സരിക്കുകയായിരുന്നു.
കുഞ്ഞൻ നക്ഷത്രങ്ങൾ മുതൽ 50 ഇതളുകളുള്ള വലിയ നക്ഷത്രങ്ങൾ വരെ വിപണിയിലുണ്ട്. ക്രിസ്മസ് മരമാണ് വിപണിയിലെ മറ്റൊരു താരം. ലൈറ്റുകൾ, ചെറിയ നക്ഷത്രങ്ങൾ, പന്തുകൾ, ബലൂണുകൾ എന്നിവ ഉപയോഗിച്ച് ആകർഷകമായി അണിയിച്ചൊരുക്കിയായിരുന്നു വിൽപ്പന.
പച്ചനിറത്തിലുള്ള പ്ലാസ്റ്റിക് ക്രിസ്മസ് മരങ്ങളും ലഭ്യമായിരുന്നു. ക്രിസ്മസ് കേക്കിൽ പുതിയ രുചിക്കൂട്ടുകൾ തിരയുന്നവരായിരുന്നു അധികവും. എന്നാൽ മിക്ക കടകളിലും കാരമൽ, ചോക്ളേറ്റ്, ബ്ലാക്ക്, വൈറ്റ് ഫോറസ്റ്റ് കേക്കുകളാണ് കൂടുതലായി നിരന്നത്. വ്യത്യസ്ത രുചികളിലുള്ള പ്ലം കേക്കുകൾക്കും ആവശ്യക്കാരേറെയായിരുന്നു. ഇതിന് പുറമേ റിച്ച്, ഗീ, ഐറിഷ്, ചോക്കോ, ഡേറ്റ്‌സ് ആൻഡ് നട്ട്‌സ്, കാരറ്റ്, പൈനാപ്പിൾ എന്നിവയിലുള്ള പ്ലം കേക്കുകളും പുഡിംഗ് കേക്കുകളും മത്സരിച്ചായിരുന്നു വില്പന.
വീട്ടമ്മമാരുടെ ഹോം മെയ്ഡ് കേക്കുകളും ലഭ്യമായിരുന്നു. ഇന്നലെ രാത്രി 11.30ഓടെ ജില്ലയിലെ പള്ളികളിൽ ക്രിസ്മസ് ശുശ്രൂഷകൾ ആരംഭിച്ചു.
പ്ലം കേക്ക് വില കിലോയ്ക്ക് ₹ 180 - 800
""
കൊവിഡ് ഭയം മറന്നാണ് ഇന്നലെ ക്രിസ്മസ് വിപണി പ്രവർത്തിച്ചത്. ന്യൂഇയർ കഴിയുന്നതുവരെ കേക്ക് വിപണി സജീവമായിരിക്കും.
കച്ചവടക്കാർ