party

ആലപ്പുഴ: ജില്ലയിൽ നടന്ന അക്രമ സംഭവങ്ങളെ തുടർന്ന് ജില്ലാ കളക്ടർ വിളിച്ചുചേർത്ത സർവകക്ഷി യോഗം ജില്ലയുടെ മന്ത്രി സജി ചെറിയാൻ പ്രഹസനമാക്കിയതായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ ആരോപിച്ചു. ജില്ലയിലെ പൊലീസിന്റെ പരാജയത്തെപ്പറ്റി സി.പി.എം അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ ഒരേ അഭിപ്രായം പറഞ്ഞിട്ടും അതിന് പരിഹാരം കാണുന്നതിന് പകരം പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് സർവകക്ഷി യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിൽ മന്ത്രി പറഞ്ഞു. പൊലീസിന്റെ നിഷ്‌ക്രിയത്വം സർക്കാരിന്റെ അറിവോടെയാണെന്നതിന്റെ കൃത്യമായ സൂചനയാണ് മന്ത്രിയുടെ പ്രസ്താവനയിലൂടെ പുറത്തുവരുന്നത്. ഇതിനാലാണ് ജില്ലയുടെ ചുമതലക്കാരനായ മന്ത്രി അഡ്വ. രൺജിത്ത് ശ്രീനിവാസന്റെ വസതി സന്ദർശിക്കാതിരുന്നതെന്നും എം.വി. ഗോപകുമാർ പറഞ്ഞു.