photo

ചേർത്തല: നെഹ്‌റുവിന്റെകാലത്തേക്ക് തിരിച്ചു പോയാലേ കോൺഗ്രസിന് രാജ്യത്ത് നിലനിൽപ്പുണ്ടാകുകയുള്ളുവെന്നും കരുത്തില്ലാത്ത കുട്ടിത്തം വിട്ടുമാറാത്ത നേതൃത്വമാണിന്ന് കോൺഗ്രസിനെ നയിക്കുന്നതെന്നും സി.പി.എം സംസ്ഥാനകമ്മി​റ്റിയംഗം ജി.സുധാകരൻ പറഞ്ഞു.സി.പി.എം ചേർത്തല ഏരിയാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ചേർത്തല മുനിസിപ്പൽ ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ നശിപ്പിക്കുന്ന ബി.ജെ.പിയുടെ വർഗീയ അജണ്ടയ്ക്ക് കുടപിടിക്കുന്ന മൃദുഹിന്ദുത്വ നിലപാടുകളാണ് കോൺഗ്രസ് പിന്തുടരുന്നത്.നയങ്ങൾ അടിമുടി തിരുത്താൻ കോൺഗ്രസ് തയ്യാറാകണം.
സംസ്ഥാനത്ത് കോൺഗ്രസിലും യു.ഡി.എഫിലും തമ്മിലടിമുറുകി.യാഥാർത്ഥ്യ ബോധത്തോടെ അഭിപ്രായം പറയുന്നവരെ കടന്നാക്രമിക്കാനാണ് ചിലരുടെ ശ്രമമെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

വികസനനേട്ടങ്ങൾ ജനങ്ങളിൽ എത്തിച്ച് തുടർഭരണത്തിനായുള്ള ശ്രമങ്ങൾ ഓരോ സി.പി.എം പ്രവർത്തകനും ഏ​റ്റെടുക്കണം.സംസ്ഥാന സർക്കാർ ജനോപകാരപ്രദമായ കാര്യങ്ങൾ ഏ​റ്റെടുക്കുമ്പോൾ അതിനു പിന്തുണ നൽകണം.ഇഷ്ടമില്ലാത്ത സഖാക്കളെ കടന്നാക്രമിക്കാനുള്ളതല്ല സമൂഹ മാദ്ധ്യമങ്ങൾ. വർഗീയതയ്ക്ക് എതിരായും സംഘടന ശക്തിപ്പെടുത്താനുമുള്ള പോരാട്ടങ്ങൾക്ക് മുൻ തൂക്കം നൽകണം. വർഗീയ സംഘടനകൾക്ക് ആരേയും സംരക്ഷിക്കാനാകില്ല. ഇല്ലായ്മ ചെയ്യാനേ കഴിയൂ. ചുവന്ന കൊടിപിടിച്ച് നടന്നാൽ ആരും കമ്മ്യുണിസ്റ്റ് ആകില്ല. പാർട്ടിക്കാർ ചൂഷകരാകരുതെന്നും സുധാകരൻ പറഞ്ഞു.
ബി.വിനോദ് അദ്ധ്യക്ഷനായി.ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സ്വാഗതസംഘം ചെയർമാനുമായ അഡ്വ. കെ. പ്രസാദ് സ്വാഗതം പറഞ്ഞു.ഏരിയാ സെക്രട്ടറി കെ.രാജപ്പൻനായർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.എ.എസ്.സാബു അനുശോചന പ്രമേയം അവതിരിപ്പിച്ചു.ജില്ലാ സെക്രട്ടറി ആർ.നാസർ,സംസ്ഥാന കമ്മി​റ്റിയംഗം സി.ബി.ചന്ദ്രബാബു,ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ജി.വേണുഗോപാൽ,മനു.സി.പുളിക്കൽ,പി.പി.ചിത്തരഞ്ജൻ ,ജി.ഹരിശങ്കർ,ജില്ലാ കമ്മിറ്റി അംഗങ്ങളായ എ.എം.ആരിഫ് , എൻ.ആർ.ബാബുരാജ് എന്നിവർ പങ്കെടുത്തു.സമ്മേളനം ഇന്ന് സമാപിക്കും. രാവിലെ 10ന് പൊതുചർച്ച ആരംഭിക്കും. തുടർന്ന് റിപ്പോർട്ട് അംഗീകരിച്ചശേഷം പുതിയ ഏരിയ കമ്മിറ്റിയേയും ജില്ലാ സമ്മേളന പ്രതിനിധികളേയും തിരഞ്ഞെടുക്കും.