kudumbasree

ആലപ്പുഴ: കുടുംബശ്രീ ത്രിതല സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ പട്ടികജാതി സംവരണ സി.ഡി.എസുകളെ തിരഞ്ഞെടുത്തു. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ആർ. ദേവദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നറുക്കെടുപ്പിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്.15 ശതമാനത്തിലധികം എസ്.സി അംഗങ്ങളുള്ള 32 സി.ഡി.എസുകളാണ് ജില്ലയിലുള്ളത്. ഇതിൽ നിലവിൽ ചെയർപേഴ്സൺ സംവരണമുള്ള ആറ് സി.ഡി.എസുകളെ ഒഴിവാക്കി ബാക്കിയുള്ള 26 സി.ഡി.എസുകളിൽ നിന്ന് മാവേലിക്കര, മുളക്കുഴ, ഭരണിക്കാവ്, ചെട്ടികുളങ്ങര, പാലമേൽ, ചെറുതന, കൃഷ്ണപുരം, പാണാവള്ളി, ചിങ്ങോലി, അരൂർ, മാന്നാർ എന്നിവയെയാണ് സംവരണ സി.ഡി.എസുകളായി തിരഞ്ഞെടുത്തത്. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പ്രശാന്ത് ബാബു, അസി കോ ഓർഡിനേറ്റർ കെ.ബി. അജയകുമാർ, സി.ഡി.എസ് ചെയർ പേഴ്സൺമാർ, പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.