ചേർത്തല: എച്ച്.സലാം എം.എൽ.എക്കെതിരെ എസ്.ഡി.പി.ഐ ബന്ധം ആരോപിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ സമചിത്തത പാലിക്കണമെന്നും അണികളെ അടക്കി നിർത്താൻ ബി.ജെ.പി നേതൃത്വം തയ്യാറാകണമെന്നും മുൻമന്ത്റിയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ ജി.സുധാകരൻ പറഞ്ഞു. സി.പി.എം ചേർത്തല ഏരിയാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏതു പാർട്ടി നേതാക്കളാണ് സലാമിന് എസ്.ഡി.പി.ഐ ബന്ധമുണ്ടെന്ന് പറഞ്ഞതെന്ന് സുരേന്ദ്രൻ വ്യക്തമാക്കണം. പറയുന്ന വാക്കുകൾക്ക് വിലയുണ്ടാകണം. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റാണെന്ന തിരിച്ചറിവെങ്കിലുമുണ്ടാകണം. നിയമ വ്യവസ്ഥകളുള്ള നാടാണിതെന്നും എന്ത് അസംബന്ധവും പറയാമെന്നു കരുതരുതെന്നും ഇതിനെ രാഷ്ട്രീയമായിതന്നെ നേരിടുമെന്നും സുധാകരൻ പറഞ്ഞു.