
വള്ളികുന്നം: ക്രിസ്മസ് വിപണിയിലെ തിരക്ക് മുതലെടുത്ത് 'ചില്ലറ" കള്ളന്മാർ പോക്കറ്റ് വീർപ്പിക്കുന്നു. ഇരുചക്രവാഹനത്തിൽ വന്നിറങ്ങുന്ന ഭർത്താവും ഭാര്യയും ചേർന്നാണ് തട്ടിപ്പ് നടത്തുന്നത്. ഭർത്താവാണ് കൈയിൽ നാണയത്തുട്ടുകളുമായി കടയിലെത്തുക. സ്ഥാപനത്തിന് അകലെ പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിനരികിൽ പാശ്ചാത്ത്യ വസ്ത്രധാരണത്തോടെ ഭാര്യ നിലയുറപ്പിക്കും.
കടയിൽ തിരക്കുള്ള സമയത്ത് കയറിവരുന്ന തട്ടിപ്പുകാരൻ തൊട്ടടുത്തുള്ള ഏതെങ്കിലും ആരാധനാലയത്തിന്റെ ഭരണാധികാരിയുടെ പേര് പറഞ്ഞ് ചില്ലറ നാണയങ്ങൾ നൽകും. നോട്ടായി നൽകണമെന്നാണ് ആവശ്യം. 1500, 2000 രൂപയുടെ ചില്ലറയുണ്ടെന്നാണ് അറിയിക്കുക. തിരക്ക് സമയത്ത് എണ്ണിനോക്കാൻ കഴിയാതെ വിശ്വാസത്തിന്റെ പുറത്ത് പണം നൽകുകയാണ് പതിവ്.
പിന്നീട് ചില്ലറത്തുട്ടുകൾ എണ്ണിനോക്കുമ്പോഴാണ് തട്ടിപ്പ് വ്യക്തമാവുക. ഈ സമയത്തിനുള്ളിൽ സംഘം രക്ഷപ്പെട്ടിരിക്കും. ജില്ലയുടെ പല ഭാഗത്തും ഇത്തരത്തിൽ തട്ടിപ്പ് നടന്നതായാണ് വിവരം. കഴിഞ്ഞ ദിവസം വള്ളികുന്നം, കറ്റാനം മേഖലകളിൽ ഇത്തരത്തിൽ നിരവധിപേർ തട്ടിപ്പിനിരയായി. വള്ളികുന്നം പുത്തൻചന്ത വി.എം മാർട്ടിലെത്തിയ സംഘം 250 രൂപയുടെ നാണയം നൽകി 1500 രൂപയാണ് വാങ്ങിയത്. വ്യാപാരി അനിൽ വള്ളികുന്നം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് തട്ടിപ്പ് വിവരം പുറത്തറിയിച്ചത്.