ഹരിപ്പാട്: നിർദ്ധന കുടുംബങ്ങൾക്ക് സഹായം നൽകാൻ കരുതൽ ഉച്ചയൂണ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കരോൾ ചലഞ്ച് സംഘടിപ്പിക്കുന്നു. കാഞ്ഞൂർ ശ്രീദുർഗാ ദേവീ ക്ഷേത്രത്തിന് മുന്നിൽ നിന്നാണ് ഇന്ന് ഉച്ചക്ക് 2ന് മതസൗഹാർദ്ദ കരോൾ ചലഞ്ച് ആരംഭിക്കുന്നത്. ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്ര നടയിൽ വൈകിട്ട് 7.30ന് കരോൾ അവസാനിക്കും. ഇതിലൂടെ സമാഹരിക്കുന്ന തുക രണ്ടു നിർദ്ധന കുടുംബങ്ങൾക്ക് വിതരണം ചെയ്യും. കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തുന്ന ഇരുപത്തിയൊന്നാമത് ചലഞ്ചാണിത്. ഇതുവരെ 25 കുടുംബങ്ങളെ സഹായിക്കാൻ കഴിഞ്ഞതായി കരുതൽ ഉച്ചയൂണ് കൂട്ടായ്മ ചെയർമാൻ ഷാജി.കെ. ഡേവിഡ് പറഞ്ഞു. കരോൾ ചലഞ്ചിന്റെ ഉദ്ഘാടനം ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് തിരുമേനി നിർവഹിക്കും. വിവിധ സാമുദായിക ​- രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കും.