മാന്നാർ: പി.ടി. തോമസിന്റെ ആകസ്മിക വേർപാടിൽ മനംനൊന്ത്,​ വിദ്യാർത്ഥി രാഷ്ട്രീയം മുതൽ ഒന്നിച്ച് പ്രവർത്തിച്ച കോൺഗ്രസ് നേതാവ് മാന്നാർ അബ്ദുൽ ലത്തീഫ്. 1982ൽ കെ.എസ്‌.യുവിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന പി.ടി. തോമസിനോടൊപ്പം സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു മാന്നാർ അബ്ദുൽ ലത്തീഫ്. അന്നുമുതൽ തുടങ്ങിയ സഹോദര സ്നേഹം അവസാനനാൾ വരെയും ഇരുവരും കാത്തുസൂക്ഷിച്ചു. മാന്നാറിലൂടെ യാത്ര ചെയ്യുമ്പോഴൊക്കെ വീട്ടിൽ വരുകയും കുടുംബവുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്തിരുന്ന പി.ടിയുടെ വിയോഗം നൊമ്പരപ്പെടുത്തുന്നതായി അബ്ദുൽ ലത്തീഫ് പറഞ്ഞു. വെല്ലൂരിലേക്ക് ചികിത്സയ്ക്കായി പോകുന്നതിന് മുമ്പ് ഫോണിൽ വിളിച്ച് യാത്ര പറഞ്ഞപ്പോൾ അതൊരു അവസാന യാത്രപറച്ചിലാകുമെന്ന് കരുതിയിരുന്നില്ല.