മാവേലിക്കര: ജില്ലാ സീനിയർ, സബ് ജൂനിയർ ടെന്നിക്കോയ് ചാമ്പ്യൻഷിപ്പ് മാവേലിക്കര നഗരസഭാ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനി വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സന്തോഷ് ജോസഫ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷനായി. സെക്രട്ടറി എസ്. ശരൺകുമാർ, എം.ജി. ലക്ഷ്മണൻ, എ. അനീഷ്, ഡോ. ശ്രീപാർവതി, എൻ.ജി. ശിവശങ്കർ എന്നിവർ സംസാരിച്ചു. ജില്ലാ രക്ഷാധികാരി എൻ. ഹരിഹരൻപിള്ള വിജയികൾക്ക് സമ്മാനദാനം നടത്തി.

ആഞ്ഞിലിപ്രാ കൈപ്പള്ളിൽ ടെന്നിക്കോയ് ക്ലബ് ഗ്രൗണ്ടിൽ നടന്ന മത്സരങ്ങളിൽ ആൺകുട്ടിളുടെ സീനിയർ വിഭാഗത്തിൽ ആഞ്ഞിലിപ്രാ കൈപ്പള്ളിൽ ടെന്നിക്കോയ് ക്ലബ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം മറ്റം സെന്റ് ജോൺസ് എച്ച്.എസ്.എസും മൂന്നാം സ്ഥാനം മാവേലിക്കര കേരള സ്പോർട്സ് അക്കാഡമിയും നേടി. പെൺകുട്ടികൾ സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം മറ്റം സെന്റ് ജോൺസ് എച്ച്.എസ്.എസും രണ്ടാം സ്ഥാനം കൈപ്പള്ളിൽ ടെന്നിക്കോയ് ക്ലബും മൂന്നാം സ്ഥാനം ചെന്നിത്തല മഹാത്മാ ഗേൾസ് എച്ച്.എസ്.എസും കരസ്ഥമാക്കി.
സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം ചെട്ടികുളങ്ങര എച്ച്.എസ്.എസ് നേടി. രണ്ടാം സ്ഥാനം മറ്റം സെന്റ് ജോൺസ് എച്ച്.എസ്.എസും മൂന്നാം സ്ഥാനം ആഞ്ഞിലിപ്രാ ഗവ. യു.പി.എസും നേടി. പെൺകുട്ടികളുടെ സബ് ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം കറ്റാനം സി.എം.എസ്.എച്ച്.എസ് കരസ്ഥമാക്കി. രണ്ടാം സ്ഥാനം പത്തിയൂർ എസ്.കെ.വി.എച്ച്.എസും മൂന്നാം സ്ഥാനം മറ്റം സെന്റ് ജോൺസ് എച്ച്.എസ്.എസും നേടി. കോട്ടയത്തും പട്ടാമ്പിയിലും നടക്കുന്ന സംസ്ഥാന സീനിയർ, സബ് ജൂനിയർ ടെന്നിക്കോയ് ചാമ്പ്യൻഷിപ്പിലേക്കുള്ള ജില്ലാ ടീം അംഗങ്ങളെയും മത്സരത്തിൽ നിന്ന് തിരഞ്ഞെടുത്തു.