
വിശപ്പുരഹിത പദ്ധതിക്ക് കൂട്ടകൈയടി
ചേർത്തല: പൊലീസ് സർക്കാരിന് തലവേദന സൃഷ്ടിക്കുന്നതായി സി.പി.എം ചേർത്തല ഏരിയാ സമ്മേളനത്തിൽ വിമർശനം. വഴിയരികിൽ പരിശോധനയുടെ പേരിൽ പിടിച്ചുപറി നടത്തുന്നതല്ലാതെ സമാധാനാന്തരീക്ഷം ഒരുക്കാൻ പൊലീസിന് കഴിയുന്നില്ലെന്നാണ് പ്രതിനിധികൾ വിമർശിച്ചത്.
രണ്ടാം പിണറായി സർക്കാരിന്റെ തുടക്കത്തിൽ പ്രതീക്ഷിച്ച തരത്തിൽ തിളക്കമുണ്ടായില്ലെന്നും വിമർശനമുണ്ടായി.
ഒന്നാം പിണറായി സർക്കാരിന്റെ മികച്ച നേട്ടങ്ങൾ പ്രതീക്ഷയോടെയാണ് ജനങ്ങൾ നോക്കി കാണുന്നത്. പുതിയ സർക്കാരിന് ഇതിനൊപ്പം ഉയരാൻ കഴിയണമെന്നും പ്രതിനിധികൾ പറഞ്ഞു. ഏരിയാ കമ്മിറ്റി നടപ്പാക്കിയ വിശപ്പുരഹിത ചേർത്തല പദ്ധതി കേരളത്തിന് മാതൃകയാണ്. നേതൃത്വം നൽകുന്നവരെ പ്രതിനിധികൾ പ്രശംസിച്ചു.
ചേർത്തല നഗരസഭയുടെയും പാവപ്പെട്ടവർക്ക് ആശ്രയമാകേണ്ട താലൂക്ക് ആശുപത്രിയുടെയും പ്രവർത്തനങ്ങളിൽ രൂക്ഷ വിമർശനം ഉയർന്നു. ഏരിയായിലെ എല്ലാ പഞ്ചായത്തിലും വിജയിക്കാനായപ്പോഴും അരൂക്കുറ്റിയിലെ തോൽവി വിഭാഗീയത മുലമാണെന്ന് പ്രവർത്തന റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. അരൂക്കുറ്റിയിലെ ഏരിയാ കമ്മിറ്റിയംഗം പി.എസ്. ബാബുവിനെതിരായ നടപടി സംഘടനാപരമായി പുനഃപരിശോധിക്കണമെന്ന ആവശ്യവും ചർച്ചയായി.
യുവാക്കൾക്ക് മുൻഗണന നൽകിയേക്കും
21 അംഗ ഏരിയാ കമ്മിറ്റിയെ ഇന്ന് തിരഞ്ഞെടുക്കും. നാല് പുതുമുഖങ്ങൾക്ക് അവസരമുണ്ടാകുന്ന തരത്തിൽ പൊളിച്ചെഴുത്തുണ്ടാകുമെന്നാണ് സൂചന. വനിതകളും നേതൃനിരയിലേയ്ക്ക് കടന്നുവരാനാണ് സാദ്ധ്യത. മഹിളാ അസോസിയേഷൻ ഏരിയാ ഭാരവാഹികളിൽ ഒരാളെ കമ്മിറ്റിയിലേയ്ക്ക് പുതുതായി തിരഞ്ഞെടുക്കും. ലോക്കൽ സെക്രട്ടറിമാരായ യുവാക്കളെയും പരിഗണിക്കും. സ്ത്രീ വിഷയങ്ങളിൽ ഉൾപ്പെടെ ആരോപണ വിധേയരായവരെ പരിഗണിക്കുന്നത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കുമെന്ന് അഭിപ്രായം ഉയർന്നതിനാൽ ചേർത്തല പടിഞ്ഞാറൻ മേഖലയിലെ നേതാവിനെ ഉൾപ്പെടുത്താൻ സാദ്ധ്യത കുറവാണ്. മുഴുവൻ സമയ പ്രവർത്തകരെ വേണമെന്ന സംസ്ഥാന കമ്മിറ്റി നിർദ്ദേശം ഉള്ളതിനാൽ ഇതുകൂടി പരിഗണിച്ചാകും കമ്മിറ്റിയെ തിരഞ്ഞെടുക്കുക.