
ആലപ്പുഴ: റെഡിമെയ്ഡ് വൈൻ വിപണിയിലുണ്ടെങ്കിലും ക്രിസ്മസിന് വീടുകളിലൊരുക്കുന്ന വൈനിനായി മുന്തിരിയെത്തിയത് കർണാടകയിലെ ചിക്കബെല്ലാപുരിയിലെ പാടങ്ങളിൽ നിന്ന്. റോസ് നിറത്തിലുള്ള മുന്തിരിക്ക് കിലോയ്ക്ക് 50 രൂപയായിരുന്നു വില. വൈൻ മുന്തിരി എന്ന പേരിലായിരുന്നു പെട്ടിഓട്ടോകളിൽ വിൽപ്പന.
സാധാരണ ജ്യൂസിനായിട്ടാണ് ഇത്തരം മുന്തിരി ഉപയോഗിക്കുന്നത്. വീടുകളിൽ വൈൻ പരീക്ഷിക്കുന്നവരാണ് ഇത് കൂടുതലായി വാങ്ങുന്നത്. തൊലിക്ക് കട്ടി കൂടുതലായതിനാൽ പെട്ടെന്നു കേടാവുകയുമില്ല. മറ്റിനങ്ങളെ അപേക്ഷിച്ച് പുളി ഇത്തിരി കൂടുതലാണ്. വൈനിന് വീര്യം ലഭിക്കാൻ പുളിയും പ്രധാനമാണ്. എന്നാൽ ഇത്തവണ തമിഴ്നാടൻ മുന്തിരിക്ക് ആവശ്യക്കാർ കുറവായിരുന്നു.
ക്രിസ്മസിന് ഒരു മാസം മുമ്പ് തന്നെ വൈൻമുന്തിരി വിൽപ്പന വർദ്ധിച്ചതായി വ്യാപാരികൾ പറയുന്നു. ഇപ്പോഴും മുന്തിരിക്ക് ആവശ്യക്കാർ കുറഞ്ഞിട്ടില്ല. ന്യൂഇയർ ആഘോഷത്തിനും വൈൻ മുൻനിരയിലുണ്ട്. വൈൻ തയ്യാറാക്കാൻ 21 ദിവസമാണ് സാധാരണ വേണ്ടത്. എന്നാൽ മൂന്ന് മുതൽ അഞ്ച് ദിവസങ്ങൾ കൊണ്ടും വൈൻ പരീക്ഷിക്കുന്നവരുമുണ്ട്.