
മാന്നാർ : കുരട്ടിശ്ശേരി പുഞ്ചയിൽ 1400 ഏക്കർ പുഞ്ചക്കൃഷിക്ക് ആവശ്യമായ ജലസേചനത്തിനുള്ള ഇലമ്പനം തോട്ടിലെ ( മൂർത്തിട്ട മുക്കാത്താരി തോട്) പായൽ നീക്കം ചെയ്യാമെന്ന ഉറപ്പ് പഞ്ചായത്തും കൃഷി ഭവനും പാലിക്കാത്തതിൽ പ്രതിഷേധിച്ച് നെൽ വിത്ത് തിരികെ എടുക്കണമെന്നാവശ്യപ്പെട്ട് സംയുക്ത പാടശേഖര സമിതി പഞ്ചായത്തിലും കൃഷി ഭവനിലും നിവേദനം നൽകി. പായൽ നീക്കം ചെയ്യാമെന്ന ഉറപ്പിന്മേലാണ് കൃഷിക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചതെന്നും എന്നാൽ പായൽ കാര്യമായി ഇല്ലാത്ത ഒന്ന്, രണ്ട് വാർഡുകളിൽ മാത്രം ജെസിബി ഉപയോഗിച്ച് പായൽ വാരി എസ്റ്റിമേറ്റ് തീർന്നെന്ന് പറഞ്ഞ് മൂന്ന്, നാല് വാർഡുകളിലെ പായൽ നീക്കം ചെയ്യാതെ പ്രവൃത്തി നിർത്തി വയ്ക്കുകയാെിരുന്നെന്ന് സംയുക്ത പാടശേഖര സമിതി ആരോപിച്ചു. ബാക്കിയുള്ള ഭാഗത്തെയും പായൽ വാരാൻ നടപടി ഉണ്ടായില്ലെങ്കിൽ ഈ വർഷം കൃഷി നടത്താൻ കഴിയില്ല. പാടശേഖര സമിതി സെക്രട്ടറിമാരായ ബിജു ഇക്‌ബാൽ (വേഴത്താർ), വിജയകുമാർ ( കണ്ടങ്കേരി), ഷുജാഹുദ്ദിൻ(കുടവെള്ളാരി ബി), ടി.തങ്കച്ചൻ ( കുടവെള്ളാരി എ), ജോസ് (അരിയോടിച്ചാൽ), രവീന്ദ്ര കൈമൾ (നാലുതോട്) എന്നിവർ ഒപ്പിട്ട നിവേദനമാണ് നൽകിയത്.