ആലപ്പുഴ: ജില്ലയിൽ നടന്ന കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് പ്രകോപനപരമായ സന്ദേശങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് ജില്ലയിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. ആലപ്പുഴ സൗത്ത്, മണ്ണഞ്ചേരി എന്നീ സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ജില്ലയിലെ സാമൂഹിക മാദ്ധ്യമങ്ങൾ പൊലീസ് നിരീക്ഷണത്തിലാണ്. സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ പൊലീസ് പരിശോധിച്ചുവരുന്നു. മതസൗഹാർദ്ദം തകർത്തുള്ള പ്രചാരണം നടത്തുന്ന വ്യക്തികളും സംഘടനകളും സൈബർ പൊലീസിന്റെ നിരീക്ഷണത്തിലാണ്. പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ കടുത്ത നടപടികൾ ഉണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി ജി. ജയ്‌ദേവ് അറിയിച്ചു.