ചാരുംമൂട് : ചുനക്കര തെക്ക് മുസ്ലീം ജമാഅത്ത് പള്ളിയിൽ സ്ത്രീകൾക്ക് അംഗത്വവും വോട്ടവകാശവും ഭാരവാഹിത്വവും നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാന വഖഫ് ബോർഡിൽ ഹർജി നൽകി. മുൻ വൈസ് പ്രസിഡന്റ് സലിം ഭവനിൽ എൻ ഷെരീഫ്, നെടിയവിള പടീറ്റതിൽ എസ് സാദിഖ് എന്നിവരാണ് ഹർജി നൽകിയത്. പളളി ഭരണഘടന ഭേദഗതി ചെയ്യണമെന്നാണ് ആവശ്യം.

പള്ളി പരിപാലന കമ്മിറ്റി ഭാരവാഹികൾക്കെതിരെയാണ് ഹർജി​. എതിർകക്ഷികൾക്ക് നോട്ടീസ് അയയ്ക്കാൻ വഖഫ് ബോർഡ് നിർദ്ദേശിച്ചതായി എൻ ഷെരീഫ് അറിയിച്ചു. വിവാഹമോചിതരായ സ്ത്രീകൾ, വിധവകൾ തുടങ്ങി​യവർക്ക് പെൺമക്കൾ മാത്രമാണുള്ളതെങ്കിൽ വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവ നടത്താൻ ഏത് പള്ളി കമ്മിറ്റിയെ സമീപിക്കണമെന്നറിയാതെ കുഴയുകയാണെന്ന് ഹർജിയിൽ പറയുന്നു. വഖഫ് ബോർഡിലുൾപ്പടെ സ്ത്രീകൾക്ക് പ്രാതിനിധ്യമുള്ളപ്പോളാണ് ഈ വിവേചനംമെന്നും സൂചനയുണ്ട്. 2022 ഫെബ്രുവരി 8 ന് വഖഫ് ബോർഡ് ഹർജി​യി​ൽ വാദം കേൾക്കും.