suresh

ആലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ കൊലപ്പെടുത്തിയ കേസിൽ ആർ.എസ്.എസ് പ്രവർത്തകരായ നാലുപേർ കൂടി​ അറസ്റ്റിൽ. ഒരാളെ കസ്റ്റഡി​യി​ലെടുത്തു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരെ രക്ഷപ്പെടാൻ സഹായിച്ച സനിൽകുമാർ, മനീഷ് എന്നിവരും പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച ചാലക്കുടി താലൂക്ക് ആർ.എസ്.എസ് ബൗദ്ധിക് പ്രമുഖ് കള്ളായി കല്ലംകുന്നേൽ വീട്ടിൽ കെ.ടി. സുരേഷ് (49), മംഗലത്ത് വീട്ടിൽ ഉമേഷ് (27) എന്നിവരുമാണ് അറസ്റ്റിലായത്. സുരേഷിന്റെ കള്ളായിയിലെ ഒഴിഞ്ഞുകിടന്നിരുന്ന ബന്ധുവീട്ടിലാണ് കേസിലെ മൂന്ന് പ്രതികൾക്ക് ഒളിവിൽ കഴിയാൻ സൗകര്യമൊരുക്കിയത്. ആലുവ സ്വദേശി​യാണ് കസ്റ്റഡി​യി​ലുള്ളത്. ഇയാളെ വി​ശദമായി ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ അഖിലിനെ (30) റിമാൻഡ് ചെയ്‌തു. ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തേടി അന്വേഷണസംഘം തമിഴ്നാട്ടിലെത്തി. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരെല്ലാം കേരളം വിട്ടിരുന്നു. ഇരു കേസുകളിലും കൂടുതൽ പ്രതികളുണ്ടാകുമെന്ന് അന്വേഷണങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന എ.ഡി.ജി.പി വിജയ് സാഖറെ പറഞ്ഞു.

 പൊലീസിന് വീഴ്ച പറ്റിയിട്ടില്ല

കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. രണ്ടു കേസുകളിലെ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികൾ വേഗത്തിൽ പിടിയിലാകുമെന്നാണ് പ്രതീക്ഷ. ബി.ജെ.പിക്കാർ സി.പി.എം നേതാക്കൾക്കെതിരെ ഉയർത്തുന്ന ആക്ഷേപങ്ങളിൽ കഴമ്പില്ലെന്നും മന്ത്രി പറഞ്ഞു.