
ചേർത്തല: കെ.രാജപ്പൻനായർ മൂന്നാം തവണയും ചേർത്തല ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ഏകകണ്ഠമായായിരുന്നു തിരഞ്ഞെടുപ്പ്.നാലുപേരെ മാറ്റി നാലുയുവാക്കളെ ഉൾപ്പെടുത്തിയാണ് 21 അംഗ ഏരിയാ കമ്മിറ്റിയെയും 15 അംഗ ജില്ലാസമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തത്.
മുതിർന്ന നേതാക്കളായ വി.എ.പരമേശ്വരൻ,ടി.ആർ.മുകുന്ദൻനായർ,കെ.എം.സുകുമാരൻ,എം.എൽ.പ്രകാശൻ എന്നിവരെ മാറ്റി പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.സുധീഷ്,ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.എസ്.പുഷ്പരാജ്,തൈക്കാട്ടുശേരിയിൽ നിന്നുള്ള ഡി.വൈ.എഫ്.ഐ നേതാവ് എൻ.നവീൻ,തൃച്ചാറ്റുകുളത്തുനിന്നും രാജേഷ് വിവേകാനന്ദ എന്നിവരെയാണ് പുതിയതായി ഉൾപ്പെടുത്തിയത്.വനിതാ പ്രതിനിധികളായി മുനിസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവനെയും മുതിർന്ന നേതാവ് ഏലിക്കുട്ടി ജോണിനെയും നിലനിർത്തി.കെ.രാജപ്പൻനായർ, ബി.വിനോദ്,കെ.ഡി.പ്രസന്നൻ,പി.ജി. മുരളീധരൻ,പി.കെ.രാജൻ,പി.എം. പ്രമോദ്,കെ.ബി. ബാബുരാജ്,ഡി.വിശ്വംഭരൻ,സി.ശ്യാംകുമാർ,പി.ഡി.സബീഷ്,പി.ആർ. ഹരിക്കുട്ടൻ,പി.ഷാജിമോഹൻ,ഷേർളി ഭാർഗവൻ,കെ.പി. പ്രതാപൻ,ഏലിക്കുട്ടി ജോൺ,എ.എസ്.സാബു, പി.എസ്. ഗോപി, ടി.എസ്.സുധീഷ്, പി.എസ്. പുഷ്പരാജ്,എൻ.നവീൻ,രാജേഷ് വിവേകാനന്ദ എന്നിവരാണ് 21 അംഗ ഏരിയ കമ്മിറ്റി അംഗങ്ങൾ.
സി.പി.ഐക്കെതിരെ വിമർശനം
രണ്ടാംദിവസത്തെ ചർച്ചകളിൽ സി.പി.ഐക്കെതിരെ വിമർശനമുയർന്നു.സി.പി.എം പുറത്താക്കിയ നേതാവിനെ പാർട്ടിയിൽ എടുത്തത് ഉയർത്തി കാട്ടിയായിരുന്നു വിമർശനം. ചേർത്തല നിയോജക മണ്ഡലത്തിൽ സി.പി.ഐയിലെ ഒരു വിഭാഗം ഇടഞ്ഞുനിന്നിട്ടും തിരഞ്ഞെടുപ്പിനു മുന്നിൽനിന്നു നയിച്ചത് സി.പി.എം ആണെന്ന യാഥാർത്ഥ്യം മറന്നുള്ള പ്രവർത്തനം സി.പി.ഐ നേതാക്കളിൽ നിന്നുണ്ടായതും വിമർശനമായി ഉയർത്തിയിരുന്നു.
നഗരസഭാ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താൻ പാർട്ടി ഇടപെടൽ കാര്യക്ഷമമാക്കണമെന്നും വാദമുയർന്നു. നിലവിലുള്ള കമ്മിറ്റിയേയും സെക്രട്ടറി കെ. രാജപ്പൻനായരേയും ചർച്ചയിൽ പങ്കെടുത്ത മുഴുവൻ പേരും അഭിനന്ദിച്ചത് പാർട്ടിയിൽ ഐക്യം വളർന്നതിന്റെ സൂചനയാണെന്നാണ് പാർട്ടി സംസ്ഥാന-ജില്ലാ നേതാക്കളുടെ സമ്മേളനത്തെപ്പറ്റിയുള്ള വിലയിരുത്തൽ.
അരൂക്കുറ്റിയിൽ നിന്നുളള മുതിർന്ന നേതാവ് പി.എസ്.ബാബുവിനെതിരെ സമ്മേളനകാലയളവിൽ നടപടിയെടുത്തത് സമ്മേളനത്തിൽ വിമർശനമായി ഉയർന്നിരുന്നു.എന്നാൽ പാർട്ടി നടപടിയെ ന്യായീകരിച്ചാണ് ജില്ലാസെക്രട്ടറി ആർ.നാസർ മറുപടിനൽകിയത്.