
ചേർത്തല: പ്രകൃതിദുരന്തങ്ങൾ അടിക്കടി കൂടികൊണ്ടിരിക്കുന്ന കാലത്ത് അഗ്നിശമന സേന ശക്തപ്പെടുത്തേണ്ട സമയമാണെന്നും ഓരോ നിയോജക മണ്ഡലത്തിലും ഫയർ സ്റ്റേഷൻ അനുവദിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്നും കൃഷി വകുപ്പുമന്ത്റി പി.പ്രസാദ് പറഞ്ഞു.കേരള ഫയർ സർവീസ് അസോസിയേഷൻ കോട്ടയം മേഖലാ സമ്മേളനം ചേർത്തല എൻ.എസ്.എസ് യൂണിയൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആദ്യം പൊലീസിന്റെ ഭാഗമായിരുന്ന അഗ്നിശമന സേന അതിന്റെ പ്രാധാന്യം കണക്കിലെടുത്താണ് വർഷങ്ങൾക്കുമുമ്പ് പ്രത്യേക സേനയായി രൂപീകരിച്ചത്.സേനയുടെ ശമ്പളം പൊലീസിനൊപ്പമാക്കുന്നതും പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. മേഖലാ പ്രസിഡന്റ് പി.സാജു അദ്ധ്യക്ഷനായി.ഫയർ സർവീസ് മെഡൽ ജേതാക്കളെ പി.പി.ചിത്തരഞ്ജൻ എം.എൽ.എ ആദരിച്ചു.ചേർത്തല നഗരസഭ ചെയർപേഴ്‌സൺ ഷേർളി ഭാർഗവൻ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ആർ.അജിത്കുമാർ ഉദ്ഘാടനം ചെയ്തു.മേഖലാ സെക്രട്ടറി സി.സജിമോൻ റിപ്പോർട്ടും അനൂപ് കൃഷ്ണൻ കണക്കും അവതരിപ്പിച്ചു.ടി.എസ്. അജയകുമാർ,എൻ.രാമകുമാർ,കെ.സതീഷ്‌കുമാർ,എ. ഷജീൽ കുമാർ,ടി. ഗോപി, എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി ബി.സന്തോഷ്, ചേർത്തല സ്റ്റേഷൻ ഓഫീർ ഡി.ബൈജു,കെ.എം അജയകുമാർ, ജോസഫ് ആന്റണി എന്നിവർ പങ്കെടുത്തു.