ചേർത്തല: യുവാവായ ഗൃഹനാഥന്റെ അപ്രതീക്ഷിത വിയോഗത്തിൽ നിസഹായരായ നിർദ്ധന കുടുംബത്തിന് കൈത്താങ്ങാകാൻ നാട് കൈകോർക്കും.തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 20-ാം വാർഡിലെ പുത്തൻകരിവീട്ടിൽ സൈജുവിന്റെ കുടുംബത്തിനെ സഹായിക്കാനാണ് നാട്ടുകാരുടെ ഇടപെടൽ.18ദിവസം മുമ്പാണ് ജോലിക്കിടയിൽ സൈജു(39)മരിച്ചത്.ഏഴും നാലു വയസുള്ള രണ്ടുമക്കളും ഭാര്യയും ഇതോടെ തീർത്തും ഒറ്റപ്പെട്ടു.
സ്വന്തമായി സ്ഥലമോ കയറികിടക്കാൻ വീടോ റേഷൻ,ആധാർ കാർഡുകളോ പോലുമില്ലാത്ത സ്ഥിതിയിൽ അയൽവാസിയുടെ കനിവിൽ ഷെഡുകെട്ടിയാണ് ഇവർ താമസിക്കുന്നത്.ഈ സാഹചര്യത്തിലാണ് കുടുംബത്തെ സംരക്ഷിക്കാൻ നാടിറങ്ങുന്നതെന്ന് കുടുംബസഹായസമിതി കൺവീനർ സിബി തോമസ്,ഭാരവാഹികളായ ശ്രീകുമാർ,പി.വി.സുരേഷ്ബാബു,ബൈജുമഞ്ചാടിക്കരി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികളും അയൽക്കൂട്ടങ്ങളും സാംസ്‌കാരിക സംഘടനകളും ഒത്തു ചേർന്നാണ് സമിതി രൂപീകരിച്ചിക്കുന്നത്.
കുടുംബത്തിനായി 26ന് രാവിലെ എട്ടുമുതൽ ഒന്നുവരെ വാർഡിൽ പൊതുധനസമാഹരണം നടത്തും.എല്ലാ വീടുകളിൽ നിന്നും നിശ്ചിത തുക ലക്ഷ്യമിട്ടാണ് ധനസമാഹരണം.
കുടുംബത്തെ സഹായിക്കാൻ എസ്.ബി.ഐ വാരനാട് ശാഖയിൽ പൊന്നമ്പിളിയുടെയും വാർഡംഗം മിനിയുടെയും,തോമസിന്റെയും പേരിൽ 40664731186(ഐ.എഫ്.എസ്.സി കോഡ് എസ്.ബി.ഐ.എൻ 0070483) അക്കൗണ്ടും തുറന്നിട്ടുണ്ട്.