ആലപ്പുഴ: ജില്ലയിലും ആൺ പെൺ വേർതിരിവില്ലാതെ കുട്ടികൾ ജൻഡർ ന്യൂട്രൽ യൂണിഫോം ധരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി പറഞ്ഞു. കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് തുടക്കം. ജില്ലാ പഞ്ചായത്തിന്റെ ചുമതലയിലുള്ള സ്കൂളുകളിൽ ജൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കണമെന്ന് ജില്ലാ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിരുന്നു. യൂണിഫോം ഏകീകരണത്തിൽ വിദ്യാർത്ഥികളും പി.ടി.എയും അദ്ധ്യാപകരും ഒറ്റക്കെട്ടായാണ് തീരുമാനം കൈക്കൊണ്ടത്. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ. റിയാസിന്റെ നേതൃത്വത്തിൽ ഹയർ സെക്കൻഡറി അദ്ധ്യാപകരുടെയും രക്ഷകർത്താക്കളുടെയും യോഗം രണ്ടു ദിവസങ്ങളിലായി ചേർന്നിരുന്നു. പാന്റും ഷർട്ടുമാണ് വേഷം. ജനുവരി ആദ്യവാരം നടപ്പാക്കും. ആദ്യഘട്ടത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മാത്രമാകും നടപ്പാക്കുക. പ്രിൻസിപ്പൽ ബി. ദീപ്തി, പി.ടി.എ പ്രസിഡന്റ് വി.വി. മോഹൻദാസ് എന്നിവർ സംസാരിച്ചു.