ambala

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കുടിവെള്ളം ലഭിക്കുന്നില്ലെന്ന് പരാതി. ഇതോടെ പുറത്തുനിന്ന് കുടിവെള്ളം വാങ്ങേണ്ട അവസ്ഥയാണുള്ളത്. നേരത്തെ പഴയ കെട്ടിടത്തോട് ചേർന്ന് ആർ.ഒ പ്ലാന്റ് സ്ഥാപിച്ചിരുന്നെങ്കിലും നാലുവർഷമായി ഇത് പ്രവർത്തനരഹിതമാണ്. പിന്നീട് ഒന്നാം വാർഡിന് സമീപം ആർ.ഒ പ്ലാന്റ് സ്ഥാപിച്ചെങ്കിലും ഒരു വർഷമായി ഇതും പ്രവർത്തനരഹിതമാണ്. കുപ്പിവെള്ള ലോബിയെ സഹായിക്കാനാണ് ആർ.ഒ പ്ലാന്റുകൾ പ്രവർത്തനസജ്ജമാക്കാത്തതെന്നാണ് ആരോപണം. ആർ.ഒ പ്ലാന്റുകളുടെ കേടുപാടുകൾ തീർത്ത് എത്രയും വേഗം ജനങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം.