
അമ്പലപ്പുഴ: വനിതകളുടെ ഉന്നമനം ലക്ഷ്യമിട്ട് മാതാ അമൃതാനന്ദമയി ആഹ്വാനം ചെയ്ത അമൃതശ്രീ (അമൃത സ്വാശ്രയ സംഘം) പദ്ധതി അമ്മയുടെ സ്നേഹത്തിന്റെയും കരുതലിന്റെയും പ്രതീകമാണെന്ന് എച്ച്. സലാം എം .എൽ.എ പറഞ്ഞു. പദ്ധതിയുടെ 17 -മതു വാർഷികത്തോടനുബന്ധിച്ച് ദക്ഷിണ മേഖല സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അമ്പലപ്പുഴ ഗവ.മോഡൽ ഹൈസ്‌കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഡോ.അമ്പലപ്പുഴ ഗോപകുമാർ, ബിന്ദു ബൈജു, സുഷമ രാജീവ്, അമൃതശ്രീ കോർഡിനേറ്റർ രംഗനാഥൻ എന്നിവർപങ്കെടുത്തു. സ്വാമി തപസ്യാമൃതാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തി. കൊവിഡ് ദുരിതം തുടരുന്നതിനാൽ രണ്ടര ലക്ഷത്തിലധികം അമൃതശ്രീ സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങൾക്കായും വെള്ളപ്പൊക്കത്തിലും മഴക്കെടുതിയിലും ദുരിതമനുഭവിച്ച കുടുംബങ്ങൾക്കുമായുള്ള 35 കോടി രൂപയുടെ കൊവിഡ് ദുരിതാശ്വാസ പാക്കേജ് കഴിഞ്ഞ ദിവസമാണ് മാതാ അമൃതാനന്ദമയീ മഠം അവതരിപ്പിച്ചത്.ഇതിൽ ആറാട്ടുപുഴ മുതൽ പുറക്കാട് വരെയുള്ള 5000 ത്തിൽപ്പരം കുടുംബങ്ങൾക്കാണ് പലവ്യഞ്ജന കിറ്റ് നൽകിയത്.