കുട്ടനാട് : ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന്റെ ഭാഗമായി നടന്ന തിരുവാഭരണ ഘോഷയാത്രയ്ക്ക് ഉജ്ജ്വല വരവേൽപ്പ് . ഘോഷയാത്രയിൽ നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു. കാവുംഭാഗം തിരുഎറങ്കാവ് ദേവിക്ഷേത്രത്തിൽ നിന്ന് ആരംഭിക്കേണ്ടിയിരുന്ന തിരുവാഭരണഘോഷയാത്ര കൊവിഡ് പ്രോട്ടോകോൾ പശ്ചാതലത്തിൽ ഇക്കുറി നീരേറ്റുപുറം പാലത്തിന് സമീപത്തുനിന്നുമാണ് ആരംഭിച്ചത്. പാതയ്ക്ക് ഇരുവശവുമായി നിലവിളക്കു തെളിച്ചും അലങ്കാരദീപങ്ങൾ ചാർത്തിയും വിശ്വാസികൾ ഘോഷയാത്രയെ എതിരേറ്റു. ക്ഷേത്രമുഖ്യകാര്യ ദർശിമാരായ രാധാകൃഷ്ണൻ നമ്പൂതിരി, ഉണ്ണികൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി എന്നിവർ ചടങ്ങിന് മുഖ്യ കാർമ്മികത്വം വഹിച്ചു . ഘോഷയാത്ര ക്ഷേത്രത്തിലെത്തിച്ചേർന്നശേഷം ദേവിക്ക് തിരുവാഭരണം ചാർത്തി അഷ്ടൈശ്വര്യ ദീപാരാധന നടന്നു മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. ഘോഷയാത്രയ്ക്കും തുടർന്ന് നടന്ന ചടങ്ങുകൾക്കും ഹരിക്കുട്ടൻ നമ്പൂതിരി, ജയസൂര്യ നമ്പൂതിരി, അഡ്മിനിസ്ട്രേറ്റർ കെ കെ ഗോപാലകൃഷ്ണൻ നായർ, ഉത്സവകമമറ്റി സെക്രട്ടറി സന്തോഷ് ഗോകുലം എന്നിവർ നേതൃത്വം നൽകി.