photo

 5 മണിക്കൂറിനിടെ ശേഖരിച്ചത് അഞ്ചര ലക്ഷം രൂപ

ചേർത്തല: ഗൃഹനാഥന്റെ അപ്രതീക്ഷിത വിയോഗത്തിൽ നിസ്സഹായരായ കുടുംബത്തിന് നാടിന്റെ കൈത്താങ്ങ്. കുടുംബസഹായ സമിതി 5 മണിക്കൂറിനിടെ വാർഡിൽ നിന്നും ശേഖരിച്ചത് അഞ്ചര ലക്ഷം രൂപ. തണ്ണീർമുക്കം പഞ്ചായത്ത് 20-ാം വാർഡ് പുത്തൻകരി സൈജുവിന്റെ കുടുംബത്തിനായാണ് പ്രാദേശികമായി രൂപീകരിച്ച കുടുംബ സഹായ സമിതിയുടെ നേതൃത്വത്തിൽ വാർഡിലെ വീടുകളിൽ നിന്നും സഹായം ശേഖരിച്ചത്. 20 ദിവസം മുമ്പാണ് സൈജു (39) മരിച്ചത്. ഏഴും നാലു വയസുള്ള രണ്ടുമക്കളും ഭാര്യയും ഇതോടെ ഒ​റ്റപ്പെട്ടു.

സ്വന്തമായി സ്ഥലമോ,വീടോ,റേഷൻ, ആധാർ കാർഡുകളോ പോലുമില്ലാത്ത സ്ഥിതിയിൽ അയൽവാസിയുടെ കനിവിൽ താത്ക്കാലിക ഷെഡുകെട്ടിയാണ് താമസിക്കുന്നത്. ഇതേ തുടർന്നാണ്
കുടുംബസഹായസമിതി സഹായഹസ്തവുമായി രംഗത്ത് വന്നത്. 8 സ്‌ക്വാഡുകളായി തിരിഞ്ഞായിരുന്നു ഇന്നലെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയുള്ള സഹായ ശേഖരണം. സമാഹരിച്ച തുക മന്ത്റി പി. പ്രസാദ് സൈജുവിന്റെ ഭാര്യ പൊന്നമ്പിളിയ്ക്ക് കൈമാറി. കുടുതൽ സഹായങ്ങളും മന്ത്റി വാഗ്ദാനം ചെയ്തു. പഞ്ചായത്ത് അംഗം മിനി ലെനിൻ അദ്ധ്യക്ഷത വഹിച്ചു. സഹായസമിതി കൺവീനർ സിബി തോമസ്, പഞ്ചായത്ത് അംഗമായ വി. ശ്രീകാന്ത്, ആർ. രാഹുൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി ബിജു, എൻ. കുമാരദാസ്, ബൈജു മഞ്ചാടിക്കരി, ടി.കെ. ശ്രീകുമാർ,സന്തോഷ്, പി.വി. സുരേഷ്ബാബു, ടി.എസ്.രാജേഷ്, ജയേഷ്, അജിത്ത് എന്നിവർ സംസാരിച്ചു.