ആലപ്പുഴ: വരൾച്ചയ്ക്ക് മുമ്പേ ഹരിപ്പാട് താലൂക്കിലെ കരുവാറ്റ പഞ്ചായത്തിലെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി. കരുവാറ്റ ഗുരുമന്ദിരം വാട്ടർ ടാങ്കിലെ മോട്ടോർ തകരാർ പരിഹരിച്ചിട്ടും, കൃത്യമായി പമ്പിംഗ് നടക്കാത്തതാണ് ഇരുപത് ദിവസമായി കുടിവെള്ളം മുടങ്ങാൻ കാരണം.
മോട്ടോർ വാൽവിന്റെ തകരാർ മൂലം ആവശ്യത്ത് ഫോഴ്സിൽ പമ്പിംഗ് നടക്കുന്നില്ല. ടാങ്കിലേക്ക് കയറ്റുന്ന വെള്ളം ഭാഗികമായി പുറത്തേക്ക് പോകുന്നതായും പരാതിയുണ്ട്. മുൻ കാലങ്ങളിൽ അഞ്ചര മണിക്കൂർ കൊണ്ട് നിറയുന്ന ടാങ്ക്, നിലവിൽ നിറയണമെങ്കിൽ ഒൻപത് മണിക്കൂറിലധികം സമയം വേണ്ടിവരുന്നുണ്ട്. പഞ്ചായത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ ജൽ ജീവൻ മിഷന്റെ പൈപ്പുകൾ ഇട്ടിട്ടുണ്ടെങ്കിലും, വെള്ളം വന്നുതുടങ്ങിയിട്ടില്ല. കണക്ഷനുകൾ കൂടിയത് ജല ലഭ്യതയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് അധികൃതർ പറയുന്നു.
ഉറക്കം കെടുത്തി വാട്ടർ അതോറിറ്റി
കരുവാറ്റ 11ാം വാർഡിലെ ജനങ്ങൾ കുടിവെള്ളക്ഷാമത്തിനൊപ്പം ഉറക്കവും നഷ്ടപ്പെട്ട അവസ്ഥയിലാണ്. വെളുപ്പിന് നാലോടെ ഏതാനും പൊതുപൈപ്പുകളിൽ നൂലുപോലെ വെള്ളം വരും. കഷ്ടിച്ച് ദാഹമകറ്റാനുള്ള വെള്ളമാണ് ലഭിക്കുക. ഇതിനായി ഉറക്കം പോലും മാറ്റിവച്ച് പൈപ്പിൻ ചുവട്ടിൽ കാവലിരിക്കുകയാണെന്ന് ജനങ്ങൾ. പൊതുകിണറുകൾ മാത്രമാണ് ശേഷിക്കുന്ന ആശ്രയം.
പമ്പിംഗ് മുടങ്ങിയിട്ട്: 20 ദിവസം
""
മോട്ടോർ വാൽവിന്റെ തകരാർ പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടു. രണ്ട് ദിവസത്തിനകം പ്രശ്നം പൂർണമായും പരിഹരിക്കും.
അസിസ്റ്റന്റ് എൻജിനിയർ, വാട്ടർ അതോറിറ്റി
""
കുടിവെള്ളമില്ലാതെ രാപകൽ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. ജൽ ജീവൻ മിഷന്റെ പ്രവർത്തനമടക്കം ഉടൻ ആരംഭിക്കാൻ അധികൃതർ തയ്യാറാവണം.
കെ.ആർ.പുഷ്പ, മെമ്പർ, 11ാം വാർഡ്, കരുവാറ്റ