azhipooja

കായംകുളം: മണ്ഡല ചിറപ്പ് ഉത്സവത്തിന് സമാപനം കുറിച്ച് പുല്ലുകുളങ്ങര ധർമ്മശാസ്താ ക്ഷേത്രത്തിൽ നടന്ന ആഴിപൂജയും ആഴിവാരൽ ചടങ്ങും ഭക്തിനിർഭരമായി. വാദ്യമേളങ്ങളും ശരണം വിളികളും കൊണ്ട് മുഖരിതമായ അന്തരീക്ഷത്തിൽ തയ്യാറാക്കിയ ആഴിക്ക് ചുറ്റും വിവിധ കരകളിൽ നിന്നെത്തിയ സ്വാമിമാർ വലം വച്ചു. തുടർന്ന് തുള്ളിയുറഞ്ഞ സ്വാമിമാർ കത്തി ജ്വലിച്ചു നിന്ന ആഴി വാരി. വാഴയില ചീന്തിൽ തീക്കനലുകൾ വാരി ശ്രീകോവിലിൽ സമർച്ചതിന് ശേഷമാണ് ആഴി വാരൽ ചടങ്ങ് ആരംഭിച്ചത്. ആഴി വാരൽ ചടങ്ങ് കാണാൻ നിരവധി ഭക്തരാണ് എത്തിയത്. മദ്ധ്യ തിരുവിതാംകൂറിലെ അപൂർവ ക്ഷേത്രങ്ങളിൽ മാത്രം നടക്കാറുള്ള പേട്ടതുള്ളലും നെയ്യഭിഷേകവും നടന്നു. അന്നദാനത്തിന് ശേഷം രാത്രി ദീപക്കാഴ്ചയോടെ നടന്ന ദീപാരാധനയ്ക്ക് ശേഷം മണ്ഡല ചിറപ്പ്
ഉത്സവം സമാപിച്ചു.