 
മാന്നാർ: പുനർനിർമ്മിച്ച് ഒരു വർഷം പൂർത്തിയാകുന്നതിനു മുമ്പേ പാവുക്കര മൂന്നാം വാർഡിലെ വഞ്ചിമുക്ക് - കിളുന്നേരിൽപ്പടി റോഡ് തകർന്നു തുടങ്ങി. റോഡിന്റെ വശങ്ങൾ താഴ്ന്ന് മെറ്റലുകൾ ഇളകിയ നിലയിലാണ്. ഏഴു വർഷത്തോളം തകർന്നു കിടന്ന റോഡ് എം.എൽ.എ ഫണ്ടിൽ നിന്നും 53 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മിച്ചത്. പാവുക്കര ജുമാമസ്ജിദിലേക്കും മൂർത്തിട്ട-മുക്കാത്താരി ബണ്ടുറോഡിലേക്കും പോകുന്ന ഈ പ്രധാനപാതയുടെ ഇരുവശത്തുമായി നാല്പതോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. സ്‌കൂൾ-മദ്രസ വിദ്യാർത്ഥികൾ ഉൾപ്പെടെ അനവധി യാത്രക്കാർ ആശ്രയിക്കുന്ന ഈ റോഡിന്റെ പുനർനിർമ്മാണത്തോടെ തങ്ങളുടെ ദുരിതത്തിന് അവസാനമാകുമെന്ന് കരുതിയെങ്കിലും വീണ്ടും റോഡ് തകർന്നു തുടങ്ങിയതോടെ നാട്ടുകാർ ആശങ്കയിലാണ്. മാന്നാർ-വീയപുരം റോഡിന്റെ അനുബന്ധ പാതയായ വഞ്ചിമുക്ക്-കിളുന്നേരിൽപടി റോഡ് ഒരു മഴപെയ്താൽ ഇപ്പോഴും മുട്ടറ്റം വെള്ളത്തിലാകും.
ബണ്ടു റോഡിലേക്ക് കടക്കാനാകാതെ
വഞ്ചിമുക്ക്-കിളുന്നേരിൽപ്പടി റോഡ് മൂർത്തിട്ട മുക്കാത്താരി ബണ്ടുറോഡിലാണ് ചേരുന്നത്. ബണ്ടു റോഡുമായി ബന്ധിപ്പിക്കുന്ന കിളുന്നേരിൽ കലുങ്കുമായി അനുബന്ധറോഡ് നിർമ്മിക്കാത്തതിനാൽ ഇതുവഴി വാഹന ഗതാഗതവും സാദ്ധ്യമല്ല. റോഡിനും കലുങ്കിനുമിടയിലുള്ള അഞ്ച് മീറ്റർ ദൂരം കുഴിയായി കിടക്കുകയാണ്. പുതിയ റോഡിന്റെ നിർമ്മാണ വേളയിൽ അനുബന്ധറോഡും പൂർത്തീകരിക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഫണ്ടിന്റെ അപര്യാപ്തത ചൂണ്ടിക്കാട്ടി ഒഴിവാക്കിയെന്നാണ് നാട്ടുകാർ പറയുന്നത്. പിന്നീട് ഫണ്ട് അനുവദിക്കുമെന്ന് പറഞ്ഞെങ്കിലും വർഷം ഒന്നാകാറായിട്ടും അധികൃതർക്ക് അനക്കമില്ല.
53 : എം.എൽ.എ ഫണ്ടിൽ നിന്നുള്ള 53 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് പുനർനിർമ്മിച്ചത്
ഇപ്പോൾ തകർന്നു കിടക്കുന്നഭാഗങ്ങളിൽ അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ റോഡ് പൂർണമായും തകരും
- കൊടുമുട്ടാറ്റിൽ രാജേഷ് സമീപവാസി
ഒഴുകിപ്പോകാനുള്ള മാർഗം ഇല്ലാതെ വെള്ളം കെട്ടിക്കിടക്കുന്നതാണ് റോഡ് പെട്ടെന്ന് തകരാൻ കാരണം.
വശങ്ങളിൽ ഓടനിർമ്മിച്ച് വെള്ളം ഒഴുകിപ്പോകാനുള്ള മാർഗം ഉണ്ടാക്കണം
- ചാക്കോ കയ്യത്ര, മുൻഗ്രാമപഞ്ചായത്തംഗം