
ആലപ്പുഴ: മരണമില്ലാത്ത ആശയങ്ങളുടെ പിതാവായിരുന്നു ശ്രീനാരായണ ഗുരുദേവനെന്നും ഗുരുവിന് തുല്യമായി മറ്റൊരു യോഗീവര്യനില്ലെന്നും മുൻ മന്ത്രി ജി. സുധാകരൻ പറഞ്ഞു. 89 -ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ഗുരുധർമ്മ പ്രചാരണ സഭ പുളിങ്കുന്ന് പഞ്ചായത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ തീർത്ഥാടന വിളംബര പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓരോവർഷവും ജനലക്ഷങ്ങളാണ് ഗുരുദേവന്റെ ആശയങ്ങളിലേക്ക് കടന്നുവരുന്നത്. കേരളം കെട്ടിപ്പടുത്ത ആധുനിക വൈജ്ഞാനിയാണ് ഗുരുദേവൻ. ആത്മീയതയും ഭൗതികതയും സമന്വയിപ്പിച്ച് മാനവ സമൂഹത്തിന്റെ പുരോഗതിക്കായാണ് ഗുരുദേവൻ ശിവഗിരി തീർത്ഥാടനം കൊണ്ട് ലക്ഷ്യമിട്ടതെന്നും അദ്ദേഹം പറഞ്ഞു.
സഭാ മേഖലാ പ്രസിഡന്റ് പി.എം. മോഹനൻ അദ്ധ്യക്ഷനായി. വിശ്വഗാജി മഠം സെക്രട്ടറി സ്വാമി അസ്പർശാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. പദയാത്രാ ക്യാപ്ടൻ ചന്ദ്രൻ പുളിങ്കുന്നിന് ധർമ്മ പതാക കൈമാറി.
എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ കൺവീനർ സന്തോഷ് ശാന്തി തീർത്ഥാടന സന്ദേശം നൽകി. സോമനാഥൻ, ആർ. സലിം കുമാർ, സഭാ ജില്ലാ വൈസ് പ്രസിഡന്റ് രമണൻ, മുഹമ്മ സഭാ മണ്ഡലം സെക്രട്ടറി എം.ആർ. ഹരിദാസ്. സഭാ മുൻ ജില്ലാ ട്രഷറർ സോമൻ കുന്നങ്കരി, യൂണിയൻ അഡ്മിസ്ട്രേറ്റീവ് അംഗം ടി.എസ്. പ്രദീപ് കുമാർ, ശാഖാ സെക്രട്ടറി എ.ജി. ഗോകുൽദാസ്, എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ ടി.കെ. ഗോപാലകൃഷ്ണൻ സ്വാഗതവും സഭാ സെക്രട്ടറി വി.എം. തങ്കപ്പൻ നന്ദിയും പറഞ്ഞു.
ഗുരുദേവ റിക്ഷാ രഥം വഹിച്ചുള്ള വിളംബര പദയാത്ര സ്വീകരണ സ്ഥലങ്ങളിൽ സഭാ ജില്ലാ വൈസ് പ്രസിഡന്റ് രമണൻ മുഹമ്മ, ചങ്ങനാശേരി മണ്ഡലം സഭാ സെക്രട്ടറി പ്രകാശിനി ഗണേശൻ എന്നിവർ പ്രഭാഷണം നടത്തി. പദയാത്ര ചതുർത്ഥ്യാകരി, കോട്ട ഭാഗം, മങ്കൊമ്പ്, കായൽപ്പുറം, പുളിങ്കുന്ന്, കണ്ണാടി, അമ്പനാപ്പള്ളി, കുന്നുമ്മ കിഴക്ക്, തട്ടാശേരി എന്നിവിടങ്ങളിൽ പ്രയാണം നടത്തി. വൈകിട്ട് 5ന് കുന്നുമ്മ മൂർത്തിനട 4ാം നമ്പർ ഗുരുക്ഷേത്ര സന്നിധിയിൽ സമാപിച്ചു. സമാപന സമ്മേളനം സഭാ കേന്ദ്രസമിതി അംഗം ശിശുപാലൻ നെടുമുടി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.പി. കണ്ണൻ അദ്ധ്യക്ഷനായി. പദയാത്രാ ക്യാപ്ടൻ ചന്ദ്രൻ പുളിങ്കുന്ന്, മണ്ഡലം സഭാ വൈസ് പ്രസിഡന്റ് എം.എസ്. ചന്ദ്രശേഖരൻ, പവിത്രൻ കുന്നുമ്മ, വിജയമ്മ ജയപ്രകാശ്, രാജേശ്വരി ജയപ്രകാശ് എന്നിവർ സംസാരിച്ചു. സഭാ വൈസ് പ്രസിഡന്റ് എം.കെ. പുരുഷോത്തമൻ സ്വാഗതവും വൈസ് ക്യാപ്ടൻ പി.ആർ. അപ്പുക്കുട്ടൻ നന്ദിയും പറഞ്ഞു. തുരുത്തേൽ പുരുഷോത്തമന്റെ മംഗള ഗാനത്തോടെ ചടങ്ങുകൾ സമാപിച്ചു.