ആലപ്പുഴ: 'മത തീവ്രവാദികളുടെ കൊലക്കത്തിക്ക് മറുപടി മത നിരപേക്ഷതയാണ് ' എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്‌.ഐ നാളെ സെക്കുലർ മാർച്ച് നടത്തുമെന്ന് ജില്ലാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മണ്ണഞ്ചേരിയിൽ നിന്ന് ആലപ്പുഴയിലേക്കാണ് മാർച്ച്. സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ്, സെക്രട്ടറി വി.കെ.സനോജ് തുടങ്ങിയവർ നേതൃത്വം നൽകും. മണ്ണഞ്ചേരി കാവുങ്കൽ ക്ഷേത്രത്തിന് സമീപത്തുനിന്ന് ഉച്ചയ്ക്ക് രണ്ടിന് സി.പി. എം ജില്ലാ സെക്രട്ടറി ആർ.നാസർ മാർച്ച് ഫ്ലാഗ് ഒഫ് ചെയ്യും. 5000പേർ റാലിയിൽ പങ്കെടുക്കും. വൈകിട്ട് അഞ്ചിന് ആലപ്പുഴ ടൗൺ ഹാളിന് മുന്നിൽ സമാപന സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള ദിവസങ്ങളിലും വർഗീയതെക്കതിരെയും മത തീവ്രവാദത്തിനെതിരെയും വ്യാപക പ്രചാരണം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ ഡി.വൈ.എഫ്‌.ഐ ജില്ല പ്രസിഡന്റ് ജെയിംസ് സാമുവേൽ, സെക്രട്ടറി ആർ.രാഹുൽ, ജോയിന്റ് സെക്രട്ടറി എ.ഷാനവാസ്, സംസ്ഥാന കമ്മറ്റി അംഗം എം. എം.അനസലി എന്നിവർ പങ്കെടുത്തു.