കുട്ടനാട് : എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 89ാമത് ശിവഗിരി തീർത്ഥാടന വിളംബര യാത്രയിൽ പങ്കെടുക്കാനായി എത്തിച്ചേർന്ന മുഴുവൻ തീർത്ഥാടകർക്കും സൗജന്യമായി പ്രഭാതഭക്ഷണം തയ്യാറാക്കി നൽകി യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി. കുട്ടനാട് യൂണിയൻ യൂത്ത്മൂവ്മെന്റ് സെക്രട്ടറി ടി.ആർ.രതീഷാണ് ഗുരുഭക്തർക്ക് ഭക്ഷണവിതരണം നടത്തിയത്.
ഇന്നലെ രാവിലെ 372ാം ശാഖാങ്കണത്തിൽ നിന്നും ആരംഭിച്ച പദയാത്രയിൽ പങ്കെടുക്കുന്നതിനായി നൂറ് കണക്കിന് തീർത്ഥാടകരാണ് കുന്നങ്കരിയിലെത്തിച്ചേർന്നത്. രാവിലെ 9.30ന് ആയിരുന്നു പരിപാടി ക്രമികരിച്ചിരുന്നത്. എല്ലാവരും വീട്ടിൽ നിന്നു ഭക്ഷണം കഴിച്ച ശേഷം കൃത്യസമയത്ത് പരിപാടിക്ക് എത്തിച്ചേരുക പ്രയാസമായിരിക്കുമെന്ന് മനസിലാക്കിയ രതീഷും കുടുംബവും സുഹൃത്തുക്കളും ചേർന്ന് മുഴുവൻ ആളുകൾക്കും ഭക്ഷണം നൽകാനുള്ള പദ്ധതി തയ്യാറാക്കുകയായിരുന്നു. പരിപാടിയിൽ പങ്കെടുത്തവർക്ക് ഇഡലിയും ചട്നിയും പഴവും ചായയുമടങ്ങുന്ന പ്രഭാത ഭക്ഷണമാണ് നൽകിയത്.