ആലപ്പുഴ: ബി.ജെ.പി ഒ.ബി.സി മാേർച്ച സംസ്ഥാന സെക്രട്ടറി അഡ്വ.രൺജിത്ത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നേരിട്ട് പങ്കെടുത്ത രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകർഅറസ്റ്റിലായി. ആലപ്പുഴ വെള്ളക്കിണർ സ്വദേശികളായ അനൂപ് അഷറഫ്, റസീബ് എന്നിവരെയാണ് പ്രത്യേകാന്വേഷണസംഘം അറസ്‌റ്റ് ചെയ്‌തത്. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച അഞ്ചു പേർ നേരത്തെ പിടിയിലായിരുന്നു.

ബംഗളുരൂവിൽ നിന്ന് കസ്‌റ്റഡിയിലെടുത്ത അനൂപ് അഷറഫിനെയും റസീബിനെയും രണ്ടു ദിവസത്തെ ചോദ്യംചെയ്യലിന് ശേഷമാണ് അറസ്‌റ്റ് ചെയ്‌തത്. ഇന്ന് കോടതിയിൽ ഹാജരാക്കും.

മാതാവ് വിനോദിനി, ഭാര്യ ലിഷ, മകൾ എന്നിവരുടെ മുന്നിലിട്ടാണ് രൺജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. പ്രതികളെ തിരിച്ചറിയൽ പരേഡിന് വിധേയമാക്കേണ്ടതിനാൽ വിശദവിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി. തിരിച്ചറിയൽ പരേഡിനായി അടുത്തദിവസം കോടതിയിൽ അപേക്ഷ നൽകും. മജിസ്‌ട്രേട്ടിന്റെ സാന്നിദ്ധ്യത്തിൽ ജയിലിലായിരിക്കും തിരിച്ചറിയൽ പരേഡ്. ഇതിനുള്ള തീയതിയും ഏത് മജിസ്‌ട്രേട്ടിന്റെ സാന്നിദ്ധ്യത്തിലാണ് പരേഡ് നടത്തുകയെന്നും നിശ്ചയിക്കുക കോടതിയാണ്. കേസിൽ മൂന്ന് പ്രതികൾ കൂടി കസ്‌റ്റഡിയിലുണ്ടെന്ന വിവരമുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചില്ല.