
ആലപ്പുഴ: ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കായംകുളം പൊലീസും ആലപ്പുഴ കെ 9 സ്ക്വാഡും
സംയുക്തമായി നടത്തിയ ലഹരിമരുന്ന് പരിശോധനയിൽ ഇരുപത്തയ്യായിരം രൂപയിലധികം വിലവരുന്ന
നിരോധിത പുകയില ഉത്പന്നങ്ങൾ കായംകുളത്ത് വിവിധയിടങ്ങളിൽ നിന്നായി പിടികൂടി. മൂന്നുപേരെ അറസ്റ്റ് ചെയ്തു.
കീരിക്കാട് സൗത്ത് തൈശേരി തറയിൽ സുനിൽ കുമാർ, കായംകുളം പടിഞ്ഞാറേവീട്ടിൽ സിയാദ് എന്നിവരുടെ പലചരക്ക് കടകളിൽ നിന്നും കായംകുളം കീരിക്കാട് തൈശേരി സുദർശനന്റെ പച്ചക്കറി കടയിൽ നിന്നുമാണ് പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. ആലപ്പുഴ കെ 9 സ്ക്വാഡിലെ ആന്റി നാർക്കോട്ടിക് സ്നിഫർ ഡോഗ് ലിസി മണം പിടിച്ചെത്തിയാണ് ഇവ പിടികൂടിയത്. ലിസിയുടെ ഹാൻഡിലർമാരായ സി.പി.ഒ മനേഷ്.കെ. ദാസും, പി.കെ. ധനേഷും, കായംകുളം പൊലീസ് സബ്ഇൻസ്പെക്ടർ ഉദയകുമാർ, സീനിയർ സി.പി.ഒ ശ്യാം, സി.പി.ഒമാരായ സബീഷ്, അനീഷ് കുമാർ തുടങ്ങിയവരും പരിശോധനയിൽ പങ്കെടുത്തു.