
തുറവൂർ: റോഡിലെ പരസ്യ മയക്കുമരുന്ന് ഉപയോഗത്തെ ചോദ്യം ചെയ്ത യുവാവിനെ ക്വട്ടേഷൻ സംഘം വടിവാളിന് വെട്ടി പരിക്കേൽപ്പിച്ചതായി പരാതി. കോടംതുരുത്ത് പഞ്ചായത്ത് 13-ാം വാർഡ് എഴുപുന്ന തെക്ക് പാലയ്ക്കാത്തറ വീട്ടിൽ അജേഷിനാണ് (40) പരിക്കേറ്റത്. ഇടതു കൈയ്ക്ക് ഗുരുതര പരിക്കേറ്റ അജേഷിനെ എറണാകുളത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. എഴുപുന്ന തെക്ക് വല്ലേത്തോട് ജംഗ്ഷന് കിഴക്ക് സെമിത്തേരി പാലത്തിന് സമീപം തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. ആക്രമണത്തിനു ശേഷം കടന്നുകളഞ്ഞ 3 പേരെ കുത്തിയതോട് പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തതായാണ് വിവരം.