 
ഹരിപ്പാട്: ആറാട്ടുപുഴ ബസ് സ്റ്റാന്റിന് തെക്ക് ഭാഗം അപകടക്കെണിയായി മാറിയിരിക്കുന്നു. വലിയഴീക്കൽ, പെരുമ്പള്ളി എന്നിവിടങ്ങളിൽ റോഡ് ഏതാണ്ട് നാമാവശേഷം. ബസ് സ്റ്റാന്റ് മുതൽ തെക്കോട്ട് കള്ളിക്കാട് എ.കെ.ജി. നഗർ വരെയുള്ള ഭാഗത്ത് പലയിടങ്ങളിലും പാതയുടെ അരിക് ഒലിച്ചുപോയ നിലയിലാണ്. അതിനാൽ പാതയുടെ അടിയിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.
കടലേറ്റത്തിൽ തകർന്ന ആറാട്ടുപുഴ-വലിയഴീക്കൽ തീരദേശ പാതയുടെ ഇന്നത്തെ അവസ്ഥ ഇതാണ്. കഴിഞ്ഞ മെയ് മാസത്തിൽ ഉണ്ടായ ശക്തമായ കടലേറ്റത്തിലാണ് പാതയ്ക്കു വലിയ നാശമുണ്ടായത്.
അരിക് ചേർന്ന് വാഹനങ്ങൾ പോകുമ്പോഴോ മറ്റൊരു വാഹനത്തെ കടത്തിവിടാനായി വശം ചേർത്ത് ഓടിച്ചാലോ അപകടം ഉറപ്പാണ്. ഇതിനോടകം കാറുകൾ ഉൾപ്പടെ നിരവധി വാഹനങ്ങൾ താഴ്ചയിലേക്ക് മറിഞ്ഞു അപകടങ്ങൾ ഉണ്ടായി. രണ്ടടിയിലേറെ താഴ്ചയാണ് ഈ ഭാഗത്ത് റോഡും വശവും തമ്മിലുള്ളത്. ഇത് കാൽ നടയാത്രക്കാർക്ക് ഉൾപ്പടെ വലിയ അപകടഭീഷണിയാണ് ഉണ്ടാക്കുന്നത്. റോഡും വശവും തകർന്ന് യാത്രക്കാരുടെ ജീവന് ഭീഷണിയായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്ന് ആക്ഷേപം.
ടെട്രോപോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ലോഡുമായി നിരവധി വാഹനങ്ങളാണ് ഈ റോഡിലൂടെ പോകുന്നത്. ബസുകളും ഈ റോഡിനെ മാത്രമാണ് ആശ്രയിക്കുന്നത്. എതിരെ മറ്റൊരു വാഹനം വന്നാൽ വശം ചേർത്ത് നൽകാൻ കഴിയാത്ത അവസ്ഥയാണ്. മുന്നറിയിപ്പ് സൂചിക ഒന്നുമില്ലാത്തതിനാൽ പകരം അരികിൽ നാട്ടുകാർ കല്ലും മറ്റും എടുത്തുവച്ചിരിക്കുകയാണ്. കൂടാതെ പാതയുടെ മധ്യ ഭാഗങ്ങളിലും നിരവധി കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. റോഡിന്റെ സ്ഥിതിയെ കുറിച്ച് അറിവില്ലാത്ത യാത്രക്കാർ അപകടത്തിൽപ്പെടുമെന്ന് തീർച്ചയാണ്. പ്രത്യേകിച്ച് രാത്രിസമയത്ത്. റോഡിന്റെ നിലവിലെ സ്ഥിതി പരിഹരിക്കാനുളള പദ്ധതി അനുമതിക്കായി നൽകിയെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും റോഡിന്റെ അവസ്ഥയ്ക്ക് യാതൊരു നടപടികളും സ്വീകരിക്കുന്നില്ല.
തീരദേശ മേഖലയിൽ ആകെയുള്ള പ്രധാന റോഡാണിത്. റോഡ് തകർന്നതിനാൽ വാഹന ഗതാഗതം ദുഷ്കരമായി മാറിയിരിക്കുന്നു. ഇരുചക്രവാഹനക്കാരും കുഴികൾ വെട്ടിച്ച് മാറ്റുന്ന മുച്ചക്ര വാഹനക്കാരും പുറകെ വരുന്ന ഇരുചക്രവാഹന കാരും തമ്മിൽ തട്ടി അപകടത്തിപ്പെടാൻ സാദ്ധ്യത കൂടുതലാണ്.അതിനാൽ അടിയന്തിരമായ ഈ പ്രദേശത്തെ റോഡ് അറ്റകുറ്റപണി നടത്തി ജനങ്ങൾക്ക് വാഹനഗതാഗതം സുഖകരമാക്കി തീർക്കണം.
എം.ദീപക്ക് പൊതുപ്രവർത്തകൻ
................................
ആറാട്ടുപുഴ ഗവ. ആശുപത്രിയിൽ ഉൾപ്പടെ എത്തുന്ന ആളുകൾക്ക് റോഡിന്റെ ശോച്യാവസ്ഥ ഏറെ ദുരിതമാണ് ഉണ്ടാക്കുന്നത്. റോഡ് യാത്രയോഗ്യമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണം.
കെ.രാജീവൻ, മുൻ പഞ്ചായത്ത് അംഗം