s
സംഘത്തിന്റെ കെട്ടിടം തകർന്ന നിലയിൽ

വള്ളികുന്നം: മുപ്പതു വർഷം മുമ്പ് പ്രവർത്തനം നിലച്ച വള്ളികുന്നത്തെ 2136ാം നമ്പർ സർവീസ് സഹകരണ സംഘം വീണ്ടും പ്രവർത്തനം ആരംഭി​ക്കണമെന്ന് കർഷകർ ആവശ്യമുയർത്തുന്നു.

വള്ളികുന്നത്തെ ആദ്യ സഹകരണ സംഘമായ ഇവിടെ അക്കാലത്ത് മുഴുവൻ കർഷകരും അംഗങ്ങളായിരുന്നു. കർഷകർ ഉദ്പാദിപ്പിക്കുന്ന വിളകൾ ഇവിടെ എത്തിച്ച് വ്യാപാരം നടത്തിയിരുന്നു. തേങ്ങ, നെല്ല് എന്നിവയുടെ സംഭരണത്തിലും സംഘം ഇടപെട്ടു. ഇത്തരം പ്രവർത്തനങ്ങളിലൂടെ കാർഷിക മേഖലയ്ക്ക് താങ്ങും തണലുമാകാൻ ഈ സംഘത്തിന് കഴിഞ്ഞിരുന്നതായി പഴമക്കാർ പറയുന്നു.

ഒരു ഗ്രാമത്തിലെ പാവങ്ങളുടെയാകെ സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തുന്നതിലും സംഘം ചെറുതല്ലാത്ത പങ്കാണ് വഹിച്ചിരുന്നത്. സംഘത്തിന്റെ പ്രവർത്തനം നിലച്ചതോടെ കെട്ടിടം കാടുകയറി നശിച്ചുപോയി. ചൂനാട്- കാമ്പിശേരി റോഡരികിൽ 13 സെന്റ് വസ്തുവിലാണ് കെട്ടിടം. അന്ന് ഇവിടെയുണ്ടായിരുന്ന ജീവനക്കാർ മറ്റ് തൊഴിലിലേക്ക് ചേക്കേറി. സംഘത്തിന്റെ ആസ്തി മറ്റൊരു സംഘത്തിലേക്ക് ലയിപ്പിക്കുകയോ പ്രവർത്തനം പുനരാരംഭിക്കുകയോ ചെയ്യണമെന്നാണ് കർഷകരുടെ ആവശ്യം.

വള്ളികുന്നത്തെ ആദ്യ സംഘം

 സംഘം സ്ഥാപിതമായത് 65 വർഷങ്ങൾക്ക് മുമ്പ്

 വള്ളികുന്നത്തെ ആദ്യത്തെ സഹകരണസംഘമാണിത്

 30 വർഷം മുമ്പാണ് പ്രവർത്തനം അവസാനിപ്പിച്ചത്

 അവസാന കാലത്ത് ബാദ്ധ്യത 5 ലക്ഷം രൂപ മാത്രം

ഒരു നാടിന്റെ മുഴുവൻ സ്വപ്നമായ 2136ാം നമ്പർ സർവീസ് സഹകരണ സംഘം പുനരുജ്ജീവിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

-ജി.മുരളി
(മുൻ പഞ്ചായത്ത് പ്രസിഡന്റ്)

പാവപ്പെട്ടവരുടെ അത്താണിയായിരുന്നു സംഘം. ആരെങ്കിലും മുൻകൈ എടുത്താൽ വീണ്ടും പ്രവർത്തനം ആരംഭിക്കാൻ കഴിയും.

-അഹമ്മദ് കുഞ്ഞ്
(മുൻ ജീവനക്കാരൻ )