 
മാന്നാർ: മാന്നാർ കുരട്ടിശ്ശേരി പ്രദേശത്തെ ആയിരത്തിഅഞ്ഞുറോളം ഏക്കർ വരുന്ന പാടശേഖരങ്ങളിലെ ജലസേചന മാർഗമായ
ഇലമ്പനം തോട്ടിലെ പായലും മാലിന്യങ്ങളും നീക്കം ചെയ്യൽ ആരംഭിച്ചു. പായലും മാലിന്യങ്ങളും നിറഞ്ഞ ഇലമ്പനം തോട്ടിൽ നീരൊഴുക്ക് തടസ്സപ്പെട്ടത് മൂലം പാടശേഖരങ്ങളിൽ നിലമൊരുക്കാൻ കഴിയാതെ പ്രതിസന്ധിയിലായ കർഷകരുടെ ദുരവസ്ഥ കൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
മാന്നാർ ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, നാല് വാർഡുകളിലൂടെ കടന്നു പോകുന്ന ഇലമ്പനം തോടിന്റെ ഒന്ന്, രണ്ട് വാർഡുകളിലെ മൂന്നര കിലോമീറ്ററോളം വരുന്നഭാഗം ഇറിഗേഷൻ വകുപ്പ് ഹിറ്റാച്ചി ഉപയോഗിച്ച് ശുചീകരിച്ചിരുന്നു. ബാക്കിയുള്ള മൂന്ന്, നാല് വാർഡുകളിലെ ഭാഗത്തെ പായൽ നീക്കം ചെയ്യാത്തത് മൂലം പ്രതിസന്ധിയിലായിരുന്ന കർഷകർ സംയുക്ത പാടശേഖര സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലും കൃഷി ഭവനിലും നിവേദനം നൽകി. തുടർന്ന് കൂടിയ അടിയന്തര യോഗത്തിൽ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി തോട് ശുചീകരിക്കാൻ പഞ്ചായത്തും കൃഷിഭവനും തീരുമാനിക്കുകയായിരുന്നു.
മൂന്ന്, നാല് വാർഡുകളിലെ ഭാഗമാണ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ശുചീകരിക്കാൻ ആരംഭിച്ചത്. ഉദ്ഘാടനം മാന്നാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി നിർവഹിച്ചു. വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വത്സല ബാലകൃഷ്ണൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ സുജാത മനോഹരൻ, വി.ആർ ശിവപ്രസാദ്, സുനിത എബ്രഹാം, സലീന നൗഷാദ്, പഞ്ചായത്ത് സെക്രട്ടറി ബിജു, കൃഷി അസിസ്റ്റന്റ് ഓഫീസർ അമൃത, സംയുക്ത പാടശേഖര സമിതി സെക്രട്ടറി മദൻ മോഹൻ ജി.പിള്ള, വിവിധ പാടശേഖര സമിതികളുടെ ഭാരവാഹികളായ ബിജു ഇക്‌ബാൽ, ജോസ്, സുരേഷ് ബാബു എന്നിവർ സംബന്ധിച്ചു.
കാലാവസ്ഥാ വ്യതിയാനങ്ങളിലുണ്ടായ മാറ്റങ്ങളാണ് തോടിന്റെ ശുചീകരണത്തിന് തടസമായതെന്നും വരും വർഷങ്ങളിൽ വേണ്ട മുൻകരുതലുകളോടെ യഥാസമയംതന്നെ കൃഷി നടത്തുന്നതിനാവശ്യമായ രീതിയിൽ ശുചീകരണവും മറ്റ് പ്രവർത്തനങ്ങളും നടത്തുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി കർഷകർക്ക് ഉറപ്പ് നൽകി.