എതിർക്കുന്നവരെ ആക്രമിക്കും
തുറവൂർ: കോടംതുരുത്ത് ഗ്രാമ പഞ്ചായത്തിലെ പടിഞ്ഞാറൻ മേഖലയിൽ കഞ്ചാവ് - മയക്കു മരുന്ന് മാഫിയ അഴിഞ്ഞാടുന്നു. വല്ലേത്തോട്,കരുമാഞ്ചേരി,വട്ടക്കാൽമുക്ക് പ്രദേശങ്ങളിലാണ് ഇവരുടെ ഭീഷണി. ഗുണ്ടാ - ക്വട്ടേഷൻ സംഘങ്ങൾ സജീവമായതോടെ പകൽ സമയങ്ങളിൽ റോഡിലൂടെ സ്ത്രീകൾക്കും കുട്ടികൾക്കും സഞ്ചരിക്കാൻ പേടിയാണ്. ലഹരിക്കടിമകളായ യുവാക്കൾ യാതൊരു പ്രകോപനവുമില്ലാതെ പ്രദേശവാസികളോട് മോശമായി പെരുമാറുന്നതും ആക്രമിക്കുന്നതും പതിവാണ്.
റോഡിലെ പരസ്യ മയക്കുമരുന്ന് ഉപയോഗത്തെ ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിൽ ബി.ജെ.പി.പ്രവർത്തകനായ എഴുപുന്ന തെക്ക് പാലയ്ക്കത്തറ വീട്ടിൽ അജേഷിനെ കഴിഞ്ഞ ദിവസം മൂന്നംഗ സംഘം വടിവാളിന് വെട്ടി പരിക്കേൽപ്പിച്ചതാണ് അവസാന സംഭവം. കുത്തിയതോട് ജനമൈത്രി പൊലീസ് സ്റ്റേഷന്റെയും കുത്തിയതോട് റേഞ്ച് എക്സൈസ് ഓഫീസിന്റെയും പരിധിയിൽ വരുന്ന കായലോര മേഖലയാണിത്. സാമൂഹിക വിരുദ്ധരുടെ ശല്യത്തിന് ഏറെക്കാലമായി കുപ്രസിദ്ധിയാർജ്ജിച്ചിട്ടും ഇത് അമർച്ച ചെയ്യാൻ അധികൃതർക്കായിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. വാർഡ് തലത്തിൽ ജാഗ്രതാ സമിതി രൂപീകരിക്കുകയും മയക്കുമരുന്ന് ഉപഭോഗത്തിനെതിരെ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം