 
മാന്നാർ: വർഷങ്ങളായി പായലും ചെളിയും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും കൊണ്ടു മലിനമായ ചെന്നിത്തല വാര്യത്ത് തോട് ശുചീകരിച്ച് ആഴംകൂട്ടി സംരക്ഷണഭിത്തി നിർമ്മിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. ചെന്നിത്തല - തൃപ്പെരുന്തുറ പഞ്ചായത്ത് 17-ാം വാർലെ 10-ാം ബ്ലോക്ക് പാടശേഖരത്തിൽ ഉൾപ്പെടുന്ന പൂങ്കുളം പാടത്ത്
മലിനജലം കെട്ടിക്കിടക്കുന്ന പ്രശ്നത്തിന് ഇതോടെ പരിഹാരമായി.
2018 പ്രളയത്തിന് ശേഷം ചെളിയും മാലിന്യവും അടിഞ്ഞ് ഒഴുക്ക് പൂർണമായി നിലച്ച അവസ്ഥയിലായിരുന്നു. വാര്യത്ത് തോട്ടിലെ ഒഴുക്ക് നിലച്ചതോടെ പൂങ്കുളം പാടത്ത് ജലം കെട്ടിക്കിടന്ന് മലിനമാകുകയും ജലജന്യരോഗങ്ങളും ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നുവെന്ന പരാതികൾക്ക് ഇടയാക്കിയിരുന്നു. കൃഷിയ്ക്കും ഇലസേചനത്തിനുമായി നബാഡ് സഹായത്തോടെ 3 കോടി രൂപ ചെലവഴിച്ചാണ് അപ്പർ കുട്ടനാടൻ മേഖലയായ ചെന്നിത്തല,പള്ളിപ്പാട്,മാന്നാർ എന്നീ പ്രദേശങ്ങളിലൂടെ കടന്നു പോകുന്ന അച്ഛൻ കോവിലാറിന്റെ കൈ വഴിയായ പുത്തനാറിന്റെ 11 കിലോമീറ്റർ ദൂരം ആഴം കൂട്ടുന്നതോടൊപ്പം ചെന്നിത്തല പാടശേഖരത്തിലെ 10, 1, 2 ബ്ലോക്ക് പാടശേഖരങ്ങളിലെ കൃഷിക്കും ജലസേചനത്തിനും മെച്ചപ്പെട്ട സൗകര്യം ഒരുക്കി നൽകുന്നതിന്റെ ഭാഗമായിട്ടാണ് വാര്യത്ത് തോട് ആഴം കൂട്ടി സംരക്ഷണഭിത്തി നിർമ്മിക്കുന്നത്.
ശുദ്ധജല സ്രോതസ് സംരക്ഷിക്കാൻ കഴിയും
പദ്ധതി പൂർത്തീകരിക്കുന്നതോടെ പൂങ്കുളം പാടത്തെ വെള്ളക്കെട്ടിനും മാലിന്യ പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്നും ശുദ്ധജല സ്രോതസ് സംരക്ഷിക്കാൻ കഴിയുമെന്നും ഗ്രാമപഞ്ചായത്തംഗം അഭിലാഷ് തൂമ്പിനാത്ത് പറഞ്ഞു. ചെളിയും എക്കലും നീക്കം ചെയ്യുന്നതും ആഴം കൂട്ടുന്നതുമായ പ്രവർത്തികൾക്ക് കഴിഞ്ഞ ദിവസംമുതൽ തുടക്കമായി. പൂങ്കുളം പാടത്തെ കൃഷിക്കും ജലസേചനത്തിനുമായി ഉപയോഗിക്കുന്ന മറ്റൊരു തോടായ തോപ്പിൽപടി-കണ്ണാമാലിൽ തോടും ആഴം കൂട്ടി സംരക്ഷിച്ചാൽ പൂങ്കളം പാടത്തെ വെള്ളക്കെട്ടിന് പൂർണ പരിഹാരമാകും.