കുട്ടനാട്: ചമ്പക്കുളം നാട്ടായം പാടശേഖരത്തിന്റെ താത്കാലിക ഭരണസമിതി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി കർഷകർ ആരോപിച്ചു. കഴിഞ്ഞദിവസം ചേർന്ന വാർഷിക പൊതുയോഗത്തിൽ അവതരിപ്പിച്ച കണക്കിൽ പൊരുത്തക്കേട് തോന്നിയ കർഷകർ, പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
ഓഫീസ് പ്രവർത്തനം, ബണ്ട് നിർമ്മാണത്തിലെ ലേബർ ചാർജ്, നേർമ്മ ചാർജ്, ട്രാക്ട‌ർ ഉപയോഗം, യാത്രാച്ചെലവ് എന്നിങ്ങനെ വിവിധ ഇനങ്ങളിലായി തട്ടിപ്പ് നടത്തിയതായാണ് ആരോപണം. മങ്കൊമ്പ് ബ്രൂക് ഷോർ ഹോട്ടലിൽ ജി. സാബുവിന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. നൂറ്റിനാൽപ്പതോളം കർഷകരുണ്ടെങ്കിലും 35ഓളം കർഷകർ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്.

ഇവർക്ക് കണക്ക് സംബന്ധിച്ച ബുക്ക്ലെറ്റുകൾ വിതരണം ചെയ്തപ്പോഴാണ് തട്ടിപ്പ് കണ്ടെത്തിയത്. ചമ്പക്കുളം കൃഷി ഓഫീസറും യോഗത്തിൽ പങ്കെടുത്തിരുന്നതായാണ് വിവരം. പാടശേഖരത്തിന്റെ ബണ്ട് നിർമ്മാണവുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയശേഷം ബില്ല് മാറിയെടുത്ത സംഭവം കോരളകൗമുദി രണ്ടാഴ്ച മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് താത്കാലിക ഭരണസമിതിയുടെ നേതൃത്വത്തിൽ നടന്ന അഴിമതി പുറത്തായത്.