a
മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയിലെ നിക്ഷേപകര്‍ നടത്തിവരുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന്റെ ഭാഗമായി നടന്ന പ്രതീകാത്മക ആത്മഹത്യ

മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയിലെ നിക്ഷേപകർ നടത്തിവരുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന്റെ ഭാഗമായി പ്രതീകാത്മക ആത്മഹത്യ നടത്തി പ്രതിഷേധിച്ചു.

നിലവിൽ രണ്ടു പേർ ആത്മഹത്യ ചെയ്യുകയും ഇതുമായി ബന്ധപ്പെട്ട് ആറോളം പേർ ഹൃദയ സ്തംഭനം വന്ന് മരിക്കുകയും ചെയ്തിട്ടുണ്ടെന്നും ഇനിയും നിക്ഷേപകരെ ആത്മഹത്യയിലേക്ക് നയിക്കുന്ന നിലപാടുകൾ സ്വീകരിക്കാതെ പണം തിരികെ നൽകാനുളള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതീകാത്മക ആത്മഹത്യാ നടത്തി പ്രതിഷേധിച്ചതെന്ന് നിക്ഷേപകർ പറഞ്ഞു.

അനിശ്ചിതകാല സമരം 16ാം ദിനം പിന്നിടുമ്പോഴും ഭരണസമിതിയുടേയോ സഹകരണ വകുപ്പ് അധികാരികളുടെ ഭാഗത്തുനിന്ന് ഒരു ഇടപെടലും ഉണ്ടാകുന്നില്ല. ഈ സമീപനം തുടർന്നാൽ വകുപ്പ് ഓഫീസുകൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ ഉപരോധിക്കുന്ന തരത്തിലേക്ക് സമരത്തിന്റെ രൂപം മാറുമെന്നും കൂട്ടായ്മ മുന്നറിയിപ്പു നൽകി. സമരം കൂട്ടായ്മ പ്രതിനിധി പി.സി.ശശി ഉദ്ഘാടനം ചെയ്തു. കവീനർ ജയകുമാർ അദ്ധ്യക്ഷനായി. എം.വിനയൻ മുഖ്യപ്രഭാഷണം നടത്തി. രവീന്ദ്രനാഥ്, വൈ.തോമസ്, പാപ്പി തമ്പാൻ, രാജേഷ്, ഉദയലക്ഷ്മി, ഉഷാകുമാരി, ഐ.രാജലക്ഷ്മി എന്നിവർ സംസാരിച്ചു.