aiyf

ആലപ്പുഴ: ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ആർ.എസ്.എസും എസ്.ഡി.പി.ഐയും ശ്രമിക്കുന്നതെന്ന് സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം എം.പി പറഞ്ഞു. വർഗീയ,രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ യുവജന പ്രതിരോധം എന്ന മുദ്രാവാക്യമുയർത്തി എ.ഐ.വൈ.എഫ് ആലപ്പുഴയിൽ സംഘടിപ്പിച്ച മാനവ സൗഹാർദ്ദ റാലിയും സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് ബൈരഞ്ജിത്ത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സനൂപ് കുഞ്ഞുമോൻ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്‌മോൻ, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, വയലാർ ശരത് ചന്ദ്രവർമ്മ, പി.വി.സത്യനേശൻ, എം.കെ.ഉത്തമൻ, ജി.കൃഷ്ണപ്രസാദ്, പി.എസ്.എം ഹുസൈൻ, ഇ. കെ.ജയൻ, യു.അമൽ, അസ്ലം ഷാ എന്നിവർ സംസാരിച്ചു. എം.കണ്ണൻ നന്ദി പറഞ്ഞു. പരിപാടിക്ക് മുന്നോടിയായി നൂറുകണക്കിന് യുവജനങ്ങൾ പങ്കെടുത്ത മാനവസൗഹാർദ്ദറാലിയും നടന്നു.