 
തുറവൂർ: ബി.ജെ.പി.പ്രവർത്തകനെ വടിവാളിന് വെട്ടി പരിക്കേൽപ്പിച്ച കേസിൽ 3 യുവാക്കൾ അറസ്റ്റിലായി. കോടംതുരുത്ത് പഞ്ചായത്ത് 14-ാം വാർഡ് എഴുപുന്ന തെക്ക് അവിട്ടാക്കൽ വീട്ടിൽ പ്രവീൺ (27), 15-ാം വാർഡ് പുന്നക്കൽ ജോമോൻ (26), തൈച്ചിറയിൽ ജയേഷ് (27) എന്നിവരെയാണ് കുത്തിയതോട് സി.ഐ.ജെ.പ്രദീപിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കോടംതുരുത്ത് പഞ്ചായത്ത് 13-ാം വാർഡ് എഴുപുന്ന തെക്ക് പാലയ്ക്കാത്തറ വീട്ടിൽ അജേഷിനെ(40) യാണ് ഇവർ സംഘം ചേർന്ന് വെട്ടി പരിക്കേൽപ്പിച്ചത്. വല്ലേത്തോട് ജംഗ്ഷന് കിഴക്ക് സെമിത്തേരി പാലത്തിന് സമീപം തിങ്കളാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ഇടതു കൈയ്ക്ക് ഗുരുതര പരിക്കേറ്റ അജേഷ് എറണാകുളത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.