a

മാവേലിക്കര: വെള്ള മുണ്ടും തേച്ചുമിനുക്കിയ ഷർട്ടും ധരിച്ച് കൈയിൽ ഒരു പത്രവുമായി കറങ്ങിനടന്ന് മോഷണം നടത്തിവന്ന 'മാന്യനായ' കള്ളൻ അകത്തായി. ആലപ്പുഴ തിരുമല മുക്കോലയ്ക്കൽ മുക്കത്ത് വീട്ടിൽ ലാലിച്ചനാണ് (ലാൽ ജോസഫ്, 60) മാവേലിക്കര പൊലീസിന്റെ പിടിയിലായത്.

ട്രെയിനിലെത്തി പകൽ നഗരത്തിലൂടെ നടന്ന് പൂട്ടിക്കിടക്കുന്ന വീടുകൾ നോക്കിവയ്ക്കും. പിന്നീട് സന്ധ്യയോടെ ബാറിലെത്തി നന്നായി മദ്യപിക്കും. തുടർന്ന് തിയേറ്ററിലെത്തി സെക്കൻഡ് ഷോയും കണ്ടിറങ്ങിയാണ് മോഷണം. മാവേലിക്കര, കൊറ്റാർകാവ്, പുതിയകാവ്, റെയിൽവേ സ്റ്റേഷൻ ഭാഗങ്ങളിലാണ് മോഷണം നടത്തിയിരുന്നത്. മോഷണം പതിവായതോടെ ജില്ലാ പൊലീസ് മേധാവി ജി. ജയ്ദേവിന്റെ നിർദേശപ്രകാരം ചെങ്ങന്നൂർ ഡിവൈ.എസ്.പി ഡോ. ആർ. ജോസിന്റെ മേൽനോട്ടത്തിൽ മാവേലിക്കര സി.ഐ സി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സംഘമാണ് പ്രതിയെ പിടികൂടിയത്.

രണ്ടാഴ്ച മുമ്പ് മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് തെക്ക് ദളവാപുരം റോഡിൽ ചാർട്ടേഡ് അക്കൗണ്ടന്റായ മുരളീകൃഷ്ണന്റെ വീട്ടിൽ മോഷണം നടന്നിരുന്നു. ലഭ്യമായ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മോഷ്ടാവിനെ പറ്റിയുള്ള സൂചന ലഭിച്ചു. മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ ട്രെയിനിലെത്തുന്ന ലാലിച്ചൻ മോഷണം നടത്തിയ ശേഷം തിരികെ ട്രെയിനിലാണ് മടങ്ങുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ അന്വേഷണ സംഘം രഹസ്യ നിരീക്ഷണം ആരംഭിച്ചു. 28ന് മോഷണം നടത്താനായി ട്രെയിനിലെത്തിയ പ്രതിയെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചത്.

അവിവാഹിതനായ ഇയാൾ മോഷ്ടിച്ചുകിട്ടുന്ന പണം മദ്യപിച്ചും ധൂർത്തടിച്ചും ചെലവാക്കുകയായിരുന്നു. മാവേലിക്കര എസ്.ഐ മൊഹ്‌സീൻ മുഹമ്മദ്‌, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സിനു വർഗീസ്‌, ഉണ്ണിക്കൃഷ്ണപിള്ള, സി.പി.ഒമാരായ മുഹമ്മദ്‌ ഷഫീക്, അരുൺ ഭാസ്കർ, വി.വി. ഗിരീഷ് ലാൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തെളിഞ്ഞത് 2019 മുതലുള്ള മോഷണ പരമ്പര

2019 ഡിസംബറിൽ കൊറ്റാർകാവ് ഭാഗത്ത് വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് 23 പവനോളം മോഷ്ടിച്ചതുൾപ്പെടെ ഇരുപതോളം കേസുകൾ തെളിഞ്ഞിട്ടുണ്ട്. തിരുവല്ലയിൽ ഹൗസിംഗ് കോളനിയിലെ ഒരു വീട്ടിൽ ഡിസംബർ 25ന് മോഷണം നടത്തി. സ്വർണം ചേർത്തലയിലെ ജൂവലറിയിൽ വിറ്റു. 2011ൽ കോട്ടയം മെഡിക്കൽ കോളേജ് ക്വാർട്ടേഴ്സിൽ പകൽ പിൻവാതിൽ കുത്തിത്തുറന്ന് മോഷണശ്രമം നടത്തിയതിന് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ കേസുണ്ട്. പിന്നീട് തടിക്കച്ചവടവും പഴയ വീടുകൾ പൊളിച്ചുവിൽക്കുന്ന ജോലിയുമായി കഴിഞ്ഞുവരുകയായിരുന്നു. സാമ്പത്തിക ഞെരുക്കം ഉണ്ടാകുമ്പോഴാണ് മോഷണത്തിനിറങ്ങിയിരുന്നത്.