മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് വിഷയത്തിൽ ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ.മുരളീധരൻ പറയുന്ന അഭിപ്രായങ്ങൾ കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക അഭിപ്രായമാണെന്ന് ഡി.സി.സി വൈസ്പ്രസിഡന്റ് കല്ലുമല രാജൻ, ജനറൽ സെക്രട്ടറിമാരായ നൈനാൻ.സി.കുറ്റിശ്ശേരി, കെ.എൽ.മോഹൻലാൽ, ലളിതരവീന്ദ്രനാഥ് എന്നിവർ അറിയിച്ചു.
അതിന് മുരളീധരനെ ചുമതലപ്പെടുത്തിയത് പാർട്ടിയാണ്. യഥാർത്ഥ നിക്ഷേപകരുടെ താത്പര്യങ്ങൾ സംരക്ഷിച്ച് ബാങ്കിനെ പൂർവ സ്ഥിതിയിലെത്തിക്കുവാനാണ് കോൺഗ്രസ് ഭരണസമിതി ശ്രമിക്കുന്നത്. നിക്ഷേപക കൂട്ടായ്മയുടെ സമരം അതിരുവിടുന്നതുമൂലം ബാങ്കിനുണ്ടാകുന്ന തകർച്ച തഴക്കരയിലെ നിക്ഷേപകരെ കൂടുതൽ ദുരിതത്തിലാഴ്ത്തുവാൻ മാത്രമേ ഉപകരിക്കൂ. അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി യഥാർത്ഥ കുറ്റവാളികളിൽ നിന്നും പണം ഈടാക്കി നിക്ഷേപകർക്ക് നൽകുവാനും ഭരണസമിതി സമർപ്പിച്ചിട്ടുള്ള പാക്കേജിന് അംഗീകാരം നൽകി ബാങ്കിനെ സംരക്ഷിക്കുവാനും സഹകരണ വകുപ്പും സർക്കാരും തയ്യാറാകണം. കുറ്റവാളികളെ സംരക്ഷിക്കുകയും അതേ സമയം തന്നെ നിക്ഷേപകർക്കു വേണ്ടി വാദിക്കുകയും ചെയ്യുന്ന സി.പി.എം യഥാർത്ഥ നിക്ഷേപകരെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.