മാവേലിക്കര: മുന്നൂറ് വീടുകളിൽ മൂവായിരം പച്ചക്കറി തൈകൾ നട്ടു പരിപാലിക്കുന്ന കാർഷിക പദ്ധതിക്ക് കേരള കോൺഗ്രസ് മാവേലിക്കര ടൗൺ കമ്മിറ്റി രൂപം കൊടുത്തു. മാവേലിക്കര നഗരസഭയിലെ അഞ്ചു വാർഡുകളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. 5, 10, 24, 26 വാർഡിൽ 50 വീടുകളിലും ഏഴാം വാർഡിൽ 100 വീടുകളിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി കർഷകരെ കണ്ടെത്തുന്നതിനു വേണ്ടിയുള്ള ഭവന സന്ദർശന പരിപാടി ജനുവരി 1ന് ആരംഭിക്കും. ഭവന സന്ദർശന പരിപാടി ജോസഫ്.എം പുതിശേരി ഉദ്ഘാടനം ചെയ്യും. ഭവന സന്ദർശന പരിപാടിയിലൂടെ കണ്ടെത്തുന്ന കർഷകർക്ക് ആവശ്യമായ മാർഗ നിർദ്ദേശങ്ങൾ നൽകുന്നതിന് 15ന് പുതിയകാവ് വൈ.ഡബ്ല്യൂ.സി.എ ഹാളിൽ കാർഷിക ശിബിരം സംഘടിപ്പിക്കും. കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയി ഏബ്രഹാം കാർഷിക ശിബിരം ഉദ്ഘാടനം ചെയ്യും. 16ന് വളമൊരുക്കൽ ആരംഭിക്കും. 30ന് ജൈവ കൃഷി വ്യാപന യജ്ഞത്തിന്റെ ആദ്യ തൈ നടീൽ തഴക്കരയിൽ മണ്ഡലം ട്രഷറർ പറമ്പിൽക്കേതിൽ പി.സി ഉമ്മന്റെ ഭവനാംഗണത്തിൽ കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാർ മോൻസ് ജോസഫ് നിർവഹിക്കും.
മാർച്ച് 26ന് വിളവെടുപ്പിന് തുടക്കം കുറിക്കുന്ന ജൈവ കൃഷി വ്യാപന യജ്ഞത്തിന് സമാപനം കുറിച്ചു കൊണ്ട് ഏപ്രിൽ 24ന് പുതിയകാവ് പള്ളി ജംഗ്ഷൻ മുതൽ മാവേലിക്കര മിച്ചൽ ജഗ്ഷൻ വരെയുള്ള ഒരു കിലോമീറ്റർ നീളത്തിൽ കാർഷിക മതിൽ തീർക്കുവാൻ കേരള കോൺഗ്രസ് മാവേലിക്കര ടൗൺ കമ്മിറ്റി ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. യോഗം കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് സി കുറ്റിശേരിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തോമസ് കടവിൽ അദ്ധ്യക്ഷനായി. നിയോജക മണ്ഡലം പ്രസിഡന്റ് പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. റോയി ചെറിയാൻ, ഈപ്പൻ ജോൺ, റ്റി.വി ശാമുവേൽ, ഏബ്രഹാം പാറപ്പുറം, പ്രിയ ലാൽ മാവേലിക്കര, കെ.ജി ജോയി, ജോൺ ചെറിയാൻ, ബിനു മാത്യു, പി.സി ഉമ്മൻ, സിജി സിബി എന്നിവർ സംസാരിച്ചു.