മാരാരിക്കുളം: സംഘർഷാവസ്ഥ നിലനിൽക്കുന്ന മണ്ണഞ്ചേരിയിൽ രാത്രികാല പട്രോളിംഗ് ശക്തമാക്കിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ കൊടുവാളുമായി പിടിയിലായ 3 പേരെ കോടതി റിമാൻഡ് ചെയ്തു.ചേർത്തല തെക്ക് പഞ്ചായത്ത് ആറാം വാർഡ് കുറുപ്പൻകുളങ്ങര തയ്യിൽ സജിത്(26), മുട്ടത്തിപറമ്പ് കണ്ടത്തിൽതറ ശരൺകുമാർ(31), ചേർത്തല ചി​റ്റേഴത്ത് സൂര്യ(29) എന്നിവരെയാണ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം പുലർച്ചെ മണ്ണഞ്ചേരി റോഡ് മുക്കിന് സമീപം പൊലീസ് പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്. മണ്ണഞ്ചേരി പ്രദേശത്തെ സംഘർഷാവസ്ഥയെ തുടർന്ന് രാത്രികാലങ്ങളിൽ പൊലീസ് ശക്തമായ പട്രോളിംഗാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാ വാഹനങ്ങളും പരിശോധിച്ച ശേഷം മാത്രമാണ് കടത്തിവിടുന്നത്. എസ്‌.ഐ കെ.ആർ.ബിജുവിന്റെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തുന്നതിനിടെ എത്തിയ കാർ നിർത്തിയശേഷം പെട്ടെന്ന് ഒരാൾ ഇറങ്ങി ഓടുകയായിരുന്നു. പൊലീസെത്തി കാറിലുണ്ടായിരുന്ന മ​റ്റ് 3 പേരെയും കസ്​റ്റഡിയിൽ എടുത്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വാഹനത്തിൽ നിന്ന് കൊടുവാൾ കണ്ടെത്തിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചേർത്തല സ്വദേശിയാണ് ഓടിരക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. പിടിയിലായവരും ക്രിമിനൽ കേസുകളിലെ പ്രതികളാണ്. ഇവർ വാടകയ്ക്ക് എടുത്ത കാറിൽ ആലപ്പുഴയിൽ പോയി മടങ്ങുകയായിരുന്നുവെന്നാണ് വിവരം. സ്വയരക്ഷയ്ക്കാണ് ആയുധം

കരുതിയതെന്നുമാണ് ഇവർ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്.പിടിയിലായവരുടെ രാഷ്ട്രീയ പശ്ചാത്തലം ഉൾപ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്. സ്റ്റേഷൻ ഹൗസ് ഓഫീസർ പി.കെ.മോഹിത്, ഉദ്യോഗസ്ഥരായ അശോകൻ,മിഥുൻദാസ്,രഞ്ജിത്,അർഷാദ്, നെഫിൻ,അനൂപ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്​റ്റ് ചെയ്തത്.