ആലപ്പുഴ : നവീകരണത്തിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കവേ, ആലപ്പുഴ - ചങ്ങനാശേരി റോഡിൽ ഗതാഗതക്കുരുക്കിൽ യാത്രക്കാർ വലയുന്നു. കഴിഞ്ഞ ദിവസം പെരുന്ന മുതൽ മാമ്പുഴക്കരി വരെ രണ്ട് മണിക്കൂറോളമാണ് വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ അകപ്പെട്ടത്. മങ്കൊമ്പ് തെക്കേക്കരയിലും കിടങ്ങറയിലും ഒരുവരിയിൽ കൂടി മാത്രമേ ഗതാഗതം അനുവദിക്കുന്നുള്ളൂ.
ഗതാഗത നിയന്ത്രണത്തിനായി പാതയുടെ ഇരുവശങ്ങളിലും ട്രാഫിക് ഗാർഡുകളെ നിറുത്തിയിട്ടുണ്ടെങ്കിലും ഇവരുടെ നിർദ്ദേശങ്ങൾ പലരും പാലിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. നിലവിൽ കിടങ്ങറ പാലത്തിന് സമാന്തരമായുള്ള പാലത്തിന്റെ നിർമ്മാണ സ്ഥലത്തും മങ്കൊമ്പ് തെക്കേക്കരയിൽ മേല്പാലം നിർമിക്കുന്നിടത്തും മങ്കൊമ്പ് പാലത്തിന്റെ പൈലിംഗ് നടക്കുന്നിടത്തുമാണ് ഗതാഗക്കുരുക്ക് രൂക്ഷം. ഗതാഗതത്തെ ബാധിക്കാത്ത വിധം നിർമ്മാണ പ്രവർത്തനം നടത്തണമെന്ന് കരാർ കമ്പനിക്ക് കർശന നിർദ്ദേശം നൽകിയിരുന്നെങ്കിലും അതൊന്നും പാലിക്കപ്പെടുന്നില്ല.
നവീകരണ പ്രവർത്തനം മൂലമുള്ള സ്ഥലപരിമിതിയും കാര്യക്ഷമമല്ലാത്ത ഗതാഗത നിയന്ത്രണവുമാണ് കുരുക്ക് മുറുക്കുന്നത്. നവീകരണത്തിന്റെ ഭാഗമായി പൊങ്ങ,പക്കി,പാറശേരി, മാധവശേരി എന്നിവിടങ്ങളിലെ പാലങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചിരുന്നു.
ഗതാഗത കുരുക്ക് രൂക്ഷം
കിടങ്ങറ,മാമ്പുഴക്കരി,മങ്കൊമ്പ്,പൂപ്പള്ളി,നെടുമുടി
ഒറ്റവരി പാത
മങ്കൊമ്പ് തെക്കേക്കര
കിടങ്ങറ പാലത്തിന് സമീപം
കുരുക്ക് മുറുക്കി വലിയ വാഹനങ്ങൾ
ബസും ലോറിയുമടക്കമുള്ള വലിയ വാഹനങ്ങൾ ഇരുവശങ്ങളിൽ നിന്ന് വരുമ്പോൾ കിടങ്ങറ അടക്കമുള്ള ഭാഗങ്ങളിലൂടെ കടന്നു പോകാൻ പ്രയാസമാണ്. നിർമ്മാണ പ്രവർത്തനത്തിന്റെ ആദ്യ സമത്ത് ഇരുചക്ര വാഹനം മാത്രമാണ് കടത്തിവിട്ടത്. തുടർന്ന് കാറുകൾക്കും ഗതാഗതാനുമതി നൽകി. എന്നാൽ കുട്ടനാട്ടിൽ വെള്ളക്കെട്ടിനു പരിഹാരമായതോടെ നേരത്തെ ടെൻഡർ ചെയ്ത പല പ്രവൃത്തികളുടെയും നിർമ്മാണം വേഗത്തിൽ നടത്തേണ്ടി വന്നതോടെ, ഇവിടങ്ങളിലേക്കുള്ള നിർമ്മാണ സാമഗ്രികൾ ലോറികളിൽ എത്തിക്കേണ്ടി വന്നു. വൈകുന്നേരങ്ങളിലാണ് തിരക്ക് കൂടുതൽ.
'' നിർമ്മാണ പ്രവർത്തനങ്ങളോടൊപ്പം വലിയ തടസങ്ങളില്ലാതെ എ.സി റോഡിലൂടെയുള്ള യാത്ര ഉറപ്പാക്കാൻ ബന്ധപ്പെട്ടവർക്ക് കർശന നിർദ്ദേശം നൽകിയിരുന്നു. പണ്ടാരക്കുളം പാലം പൊളിക്കുന്നതോടെ ഗതാഗത തടസം അധികമായാൽ കൈനകരി വഴി പൂപ്പള്ളി ജംഗ്ഷനിൽ വാഹനങ്ങൾ എത്തിച്ചേരും വിധം ജി.പി.എം പാലത്തിന് സമാന്തര പാത ഒരുക്കിയിട്ടുണ്ട്
-(തോമസ്.കെ.തോമസ്,കുട്ടനാട് എം.എൽ.എ)