ആലപ്പുഴ: കയർഫെഡിന്റെ ബംഗളൂരു ഷോറൂം മന്ത്രി പി.രാജീവ് ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. കയർഫെഡിന് കേരളത്തിന് പുറത്ത് പ്രധാന നഗരങ്ങളിൽ 24 ഷോറൂമുകളാണ് നിലവിലുണ്ടായിരുന്നത്. 25ാമത് ഷോറൂമാണ് ബംഗളൂരു ബസവനഗുഡി ഗാന്ധി ബസാറിൽ തുറന്നത്. ചേർത്തല കയർ മാറ്റ്സ് ആൻഡ് മാറ്റിംഗ്സ് സഹകരണ സംഘത്തിന്റെ ഷോറൂമായി ബാംഗ്ലൂരിൽ 1987 മുതൽ പ്രവർത്തിച്ചുവന്നിരുന്ന കെട്ടിടത്തിലാണ് ഷോറൂം പ്രവർത്തിക്കുക. ചടങ്ങിൽ കയർഫെഡ് പ്രസിഡന്റ് അഡ്വ.എൻ.സായികുമാർ അദ്ധ്യക്ഷത വഹിച്ചു. കയർ വികസന ഡയറക്ടർ വി.ആർ.വിനോദ്, കയർ വകുപ്പ് സ്‌പെഷ്യൽ ഓഫീസർ എൻ.പത്മകുമാർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. കയർഫെഡ് എക്സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങളായ വി.എസ്.മണി, എം.പുഷ്‌ക്കരൻ, മാനേജിംഗ് ഡയറക്ടർ സി.സുരേഷ് കുമാർ, ബംഗളൂരു കേരള സമാജം പ്രസിഡന്റ് സി.പി.രാധാകൃഷ്ണൻ, സുവർണ കർണാടക കേരള സമാജം ജനറൽ സെക്രട്ടറി കെ.പി.ശശിധരൻ, ലോക കേരളസഭാംഗം സി.കുഞ്ഞപ്പൻ എന്നിവർ സംസാരിച്ചു. കയർഫെഡ് ജനറൽ മാനേജർ ബി.സുനിൽ സ്വാഗതവും മാർക്കറ്റിംഗ് മാനേജർ എം.അനുരാജ് നന്ദിയും പറഞ്ഞു.