
അമ്പലപ്പുഴ: മത്സ്യത്തൊഴിലാളിയും സി.പി.എം പൂത്തോപ്പ് ബ്രാഞ്ച് അംഗവുമായിരുന്ന സജീവന്റെ തിരോധാനത്തിൽ ദുരൂഹതയുണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. സജീവന്റെ വീട്ടിലെത്തി ബന്ധുക്കളെ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു സുരേന്ദ്രൻ.
സെപ്തംബർ 29ന് മത്സ്യബന്ധനത്തിന് പോയി തിരികെ ഹാർബറിലെത്തിയശേഷമാണ് സജീവനെ കാണാതായത്. സി.പി.എമ്മിന്റെ ഉന്നത നേതാക്കളെ ചോദ്യം ചെയ്താൽ സത്യം പുറത്തുവരും. പാർട്ടിക്കകത്തെ പ്രശ്നങ്ങളും ചിലരുടെ ഇടപാടുകളും ദുരൂഹത വർദ്ധിപ്പിക്കുന്നതാണ്. സർക്കാർ അടിയന്തരമായി പ്രശ്നത്തിൽ ഇടപെടണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ എം.വി. ഗോപകുമാർ, അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് വി. ബാബുരാജ് തുടങ്ങിയ നേതാക്കളും ഒപ്പമുണ്ടായിരുന്നു.