ആലപ്പുഴ: വർദ്ധിച്ചുവരുന്ന സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ ജില്ലാ പൊലീസ് കർമ്മ പരിപാടികൾ ആവിഷ്‌ക്കരിച്ചു. കുറ്റവാളികളെയും സാമൂഹ്യവിരുദ്ധരെയും ലഹരിമാഫിയാ സംഘങ്ങളെയും തുടരെ നിരീക്ഷിക്കുന്ന സംവിധാനമാണ് ഒരുക്കിയത്. ഇതിനായി രണ്ട് പ്രത്യേക നിരീക്ഷണ സംഘത്തെയും നിയോഗിച്ചു.
ജില്ലാ പൊലീസ് മേധാവി ജി. ജയ്‌ദേവിന്റെ നിയന്ത്രണത്തിൽ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിൽ ജില്ലാതലത്തിൽ പ്രവർത്തിക്കുന്ന 12 പേരടങ്ങുന്ന നിരീക്ഷണ സംവിധാനവും എല്ലാ സ്‌റ്റേഷനുകളിലും എസ്.ഐയും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘത്തെയുമാണ് നിയോഗിച്ചിരിക്കുന്നത്. 24 മണിക്കൂറും നിരീക്ഷണം ഉറപ്പാക്കിയിട്ടുണ്ട്.
ഇതിനായി ഡേറ്റാ ബാങ്ക് തയ്യാറാക്കി. ഇവരുടെ ദൈനംദിന പ്രവർത്തനങ്ങൾ ശേഖരിച്ചും നിരീക്ഷിച്ചും ജില്ലയിലുടനീളമുള്ള സംഘാംഗങ്ങൾക്ക് പരിശോധനയ്ക്കായി നൽകും. തുടർന്ന് പ്രത്യേക സംഘം മുൻകരുതൽ നടപടികൾ സ്വീകരിക്കും. ജില്ലയിൽ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി എം.ജി. സാബു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.