
കുട്ടനാട്: കുട്ടനാട് യൂണിയന്റെ നേതൃത്വത്തിൽ നടന്നുവരുന്ന പദയാത്രയിൽ പങ്കെടുത്ത് ശിവഗിരി തീർത്ഥാടനം നടത്തിയിരുന്ന അനന്തു ഇത്തവണ പീതാംബരധാരിയായി ഒറ്റയ്ക്കാണ് ശിവഗിരിയിലെത്തുക. മെഡിക്കൽ റെപ്രസെന്റേറ്റീവായി ജോലി ചെയ്യുന്ന അനന്തു കേരളകൗമുദി വെളിനാട് ഏജന്റുകൂടിയാണ്. കുട്ടനാട് യൂണിയൻ കൺവീനർ സന്തോഷ് ശാന്തിയുടെ ജ്യേഷ്ഠൻ വെളിയനാട് അട്ടിയിൽ ഷൈലപ്പന്റെ മകനാണ്.
കുഞ്ഞുനാൾ മുതൽ ഗുരുദേവന്റെ ആശയങ്ങളിൽ ആകൃഷ്ടനായി ശിവഗിരി തീർത്ഥാടനത്തിൽ പങ്കെടുത്തിരുന്നു. രണ്ടുവർഷം മുമ്പ് കൊവിഡ് വ്യാപനത്തെ തുടർന്ന് പദയാത്ര നിറുത്തിവച്ചെങ്കിലും സുഹൃത്തുക്കൾക്കൊപ്പം തീർത്ഥാടന ദിവസം ശിവഗിരിയിലെത്തി ദർശനം നടത്തിയിരുന്നു. മൂന്ന് ദിവസം മുമ്പ് കിടങ്ങറ കുന്നങ്കരി ശാഖയിൽ നിന്ന് കുട്ടനാട് യൂണിയന്റെ നേതൃത്വത്തിൽ ആരംഭിച്ച ശിവഗിരി തീർത്ഥാടന വിളംബരയാത്രയിൽ പങ്കെടുത്ത ശേഷം ശിവഗിരിയിലേക്ക് കാൽനട യാത്ര ആരംഭിക്കുകയായിരുന്നു. ഇന്ന് രാവിലെയോടെ ശിവഗിരിയിലെത്തി ഘോഷയാത്രുടെ ഭഗമാകുമെന്ന് അനന്തു പറയുന്നു.